തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രതികരിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ പുനർനിയമന ആവശ്യം വന്നപ്പോൾ തന്നെ ഇത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞിരുന്നുവെന്നും, എന്നാൽ, എജിയുടെ നിയമോപദേശമുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി.
മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായത് കൊണ്ടാണ് കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പ് വെച്ചതെന്ന് ഗവർണർ തുറന്നു പറഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ട് വന്നു കണ്ടു കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തന്നെ നേരിട്ട് വന്നു കണ്ടെന്നും ഗവർണർ വ്യക്തമാക്കി. നിയമവിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഉത്തരവിൽ താൻ ഒപ്പുവെച്ചതെന്നും ഗവർണർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
തനിക്ക് മുഖ്യമന്ത്രിയുടെ സമ്മർദ്ദം ഉണ്ടായി. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വിഷയത്തിൽ കരുവാക്കുകയായിരുന്നെന്നും ഗവർണർ ആരോപിച്ചു. വിസി നിയമനത്തിനായുള്ള നടപടി ക്രമങ്ങൾ താൻ തുടങ്ങിയിരുന്നെന്നും അതിനിടെയാണ് മുഖ്യമന്ത്രിയുടെ സമ്മർദ്ദം ഉണ്ടായതെന്നും ഗവർണർ വിശദമാക്കി. താൻ റബർ സ്റ്റാമ്പ് അല്ലെന്നു ആവർത്തിച്ച ഗവർണർ, ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ബില്ലുകൾ ഒരു മണിക്കൂറുപോലും പിടിച്ചുവെക്കാറില്ലെന്നും വ്യക്തമാക്കി.
കണ്ണൂർ വൈസ് ചാൻസലറെ പുനർ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. നിയമനത്തിൽ ബാഹ്യയിടപെടൽ പാടില്ലെന്നും കോടതി പറഞ്ഞു. വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ വലിയ വാക്കുതർക്കം നടന്നിരുന്നു. പുനർ നിയമനത്തെ ചാൻസലർ ആയ കൂടിയായ ഗവർണർ സുപ്രീം കോടതിയിൽ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ഇങ്ങനെ പ്രവർത്തിക്കാനാകില്ലെന്നും സംസ്ഥാനത്തെ ചാൻസലർ പദവി ഒഴിയുമെന്നും ഗവർണർ തുറന്നടിച്ചിരുന്നു. എന്നാൽ, സുപ്രീം കോടതി വിധി സർക്കാരിന് ഇപ്പോൾ കനത്ത തിരിച്ചടി ആയിരിക്കുകയാണ്.
Related News| കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; നിയമനം റദ്ദാക്കി സുപ്രീം കോടതി








































