കൊടുവള്ളി: അന്തിമ വോട്ടർപട്ടികയിൽ വ്യാപകമായി ക്രമക്കേട് ആരോപിക്കപ്പെട്ട കൊടുവള്ളി നഗരസഭയിലെ സെക്രട്ടറിയും റിട്ടേണിങ് ഓഫീസറുമായ വിഎസ്. മനോജിനെ തൽസ്‌ഥാനത്ത് നിന്ന് മാറ്റി തദ്ദേശ വകുപ്പിന്റെ ഉത്തരവ്. മനോജിനെ മാറ്റാൻ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചെങ്കിലും ഉത്തരവ് ഇറങ്ങാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മനോജിന് പകരം കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്‌ടറുടെ കാര്യാലയത്തിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ അനിൽകുമാർ നൊച്ചിയിലിനെയാണ് കൊടുവള്ളി നഗരസഭാ സെക്രട്ടറിയായി നിയമിച്ചത്. തിങ്കളാഴ്‌ച യുഎഡിഎഫ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തി കൊടുവള്ളി നഗരസഭയിലെ വോട്ടർപട്ടിക ക്രമക്കേടിനെ കുറിച്ച് പരാതി നൽകിയിരുന്നു.
നഗരസഭയിലെ 37 വാർഡുകളിൽ നിന്ന് ഒപ്പിട്ട് നൽകിയ ഫോം 5,13,14 എന്നിവ വിതരണം നടത്തിയതുമായി ബന്ധപ്പെട്ട രേഖകളും ബൾക്ക് ട്രാൻസ്‌ഫർ നടത്തിയത് സംബന്ധിച്ച രേഖകളും നഗരസഭ ഓഫീസിൽ ഇല്ലെന്ന് അസിസ്‌റ്റന്റ് സെക്രട്ടറി ടിപി. സിന്ധു കഴിഞ്ഞ ദിവസം രേഖാമൂലം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് പുതിയ സെക്രട്ടറിയെ നിയമിക്കാൻ നിർദ്ദേശം നൽകിയതായും എല്ലാ പരാതികളും പരിശോധിച്ച് പരിഹരിക്കുമെന്നും ജില്ലാ കലക്‌ടർ സ്‌നേഹിൽ കുമാർ സിങ്ങും അറിയിച്ചിരുന്നു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































