മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ നൊമ്പര കാഴ്ചയായി മാറിയ ‘കൂവി’ എന്ന നായ തിരികെയെത്തി. എട്ട് മാസമായി പോലീസ് ഡോഗ് സ്ക്വാഡിന്റെ
പരിചരണത്തിലായിരുന്ന കൂവിയെ ഉടമയായ പളനിയമ്മയുടെ ആവശ്യം പരിഗണിച്ചാണ് വിട്ടു നൽകിയത്.
പെട്ടിമുടി ദുരന്തത്തിന്റെ ഉണങ്ങാത്ത മുറിപ്പാടുകളുമായി കഴിയുന്ന പളനിയമ്മ തങ്ങളുടെ സ്നേഹഭാജനമായിരുന്ന കുവിയെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥർ കുവിയെ തിരികെ പെട്ടിമുടിയിൽ എത്തിച്ചത്.
പെട്ടിമുടി ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ വിദഗ്ധ സേനകൾ പോലും പ്രയാസപ്പെട്ടപ്പോഴാണ് കുവി തന്റെ ഒന്നരവയസുളള കളിക്കൂട്ടുകാരി ധനുഷ്കയെ കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ധനുഷ്കയുടെ ചേതനയറ്റ ശരീരം കണ്ട മാത്രയിൽ കുവി കുഴഞ്ഞ് വീണത് എല്ലാവരെയും കണ്ണീരണിയിച്ചിരുന്നു. കുവിയുടെ ബുദ്ധിശക്തി കണക്കിലെടുത്താണ് ഡോഗ് സ്ക്വാഡിലെടുത്തത്.
ദുരന്തത്തില്‍ ഒറ്റപ്പെട്ട് മൂന്നാര്‍ ടൗണില്‍ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാന്‍ കുവിയെ തിരിച്ചുകിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. തുടർന്ന് സംസ്ഥാന പോലീസ് മേധാവി കുവിയെ തിരികെ ബന്ധുക്കള്‍ക്ക് നല്കുന്ന കാര്യം പരിഗണിക്കാന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് നിർദേശിച്ചു.
തുടര്‍ന്നാണ് മൂന്നാര്‍ ഡിവൈഎസ്പി സുരേഷ് ആര്, ഇടുക്കി ഡോഗ് സ്ക്വാഡ്
ഇൻചാർജ് എസ്ഐ റോയ് തോമസ് എന്നിവരടങ്ങിയ പോലീസ് സംഘം മൂന്നാറില്‍ പളനിയമ്മ താമസിക്കുന്ന വീട്ടില്‍ കുവിയെ എത്തിച്ചു നല്‍കിയത്. ഉറ്റവർ നഷ്ടപ്പെട്ടതിന്റെ തീരാ വേദനക്കിടയിലും കൂവിയെ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പളനിയമ്മ.
Also Read: ശബരിമലയിലേതു പോലെ മടിച്ചു നിൽക്കരുത്, തൃശൂർ പൂരം ഒഴിവാക്കണം; സർക്കാരിനോട് എൻഎസ് മാധവൻ








































