‘ഏഴ് വർഷമായി മക്കളില്ല, പകരം വളർത്തിയതാണ് പിക്‌സിയെ’; നിറകണ്ണുകളോടെ ജിജോ

By News Desk, Malabar News
Police Inspector killed pet dog
Representational Image
Ajwa Travels

കൊച്ചി: ‘എനിക്ക് മക്കളില്ല, പകരം വളർത്തിയതാണ് അവനെ’, പോലീസ് ഇൻസ്‌പെക്‌ടറുടെ അടിയേറ്റ് കൊല്ലപ്പെട്ട വളർത്തുനായ ‘പിക്‌സി’യുടെ ഉടമ ജിജോയും കുടുംബവും സങ്കടം അടക്കാനാകാതെ കുഴയുന്നു. ചെങ്ങമനാട് വേണാട്ട് പറമ്പിൽ ജിജോ തങ്കച്ചന്റെ വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായി. മക്കളുണ്ടാകാതിരുന്നപ്പോൾ വാങ്ങി വളർത്തിയതാണ് പിക്‌സി എന്ന പഗ് ഇനത്തിൽ പെട്ട നായയെ. കഴിഞ്ഞ ആഴ്‌ച വിദേശത്ത് ജോലിയ്‌ക്കായി പോയ ഭാര്യയോട് പിക്‌സിയുടെ മരണവിവരം എങ്ങനെ പറയുമെന്ന് ഓർത്ത് മാനസിക സമ്മർദ്ദത്തിലാണ് ജിജോ.

ചെങ്ങമനാട് വേണാട്ട് പറമ്പിൽ മേരി തങ്കച്ചന്റെയും മകൻ ജിജോയുടെയും വീട്ടിൽ വളർത്തുന്ന പിക്‌സി എന്ന നായയെ ചെങ്ങമനാട് പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ മരത്തടി കൊണ്ട് തലയ്‌ക്കടിച്ച് കൊന്നെന്നാണ് പരാതി. ജിജോയുടെ സഹോദരനും ഒരു കേസിലെ പ്രതിയുമായ ജസ്‌റ്റിനെ പിടികൂടുന്നതിനായി ഇൻസ്‌പെക്‌ടർ വീട്ടിൽ എത്തിയപ്പോൾ നായയെ തലക്കടിച്ച് കൊന്നെന്നാണ് എസ്‌പിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

‘പട്ടി എന്ന് പറയുമ്പോൾ ആർക്കും ഒരു വിലയും ഉണ്ടാകില്ല. പട്ടിയല്ലേ? അമ്മ ഇന്ന് കൂടി ഭക്ഷണം വാരിക്കൊടുത്തതാണ്. അങ്ങനെയേ അത് ഭക്ഷണം കഴിക്കൂ’ നായയെ തോളിലിട്ട് പോലീസ് സ്‌റ്റേഷനിലെത്തിയ ജിജോ പറയുന്നു. “പോലീസ് വീട്ടിൽ അന്വേഷിച്ച് വന്ന പ്രതി ഓടിപ്പോവുകയോ മറ്റോ ചെയ്‌തെങ്കിൽ ഇത് മനസിലാക്കാം. ഇതൊന്നും അല്ലാതെ പോലീസ് കസ്‌റ്റഡിയിൽ ഉള്ള ആളിനെ അന്വേഷിച്ച് വന്നിട്ട് തിരിച്ച് പ്രതികരിക്കാത്തവരെ എന്തിനാണ് തല്ലുന്നത്? വൈരാഗ്യമുണ്ടെങ്കിൽ നേരിട്ട് തീർക്കാൻ പറ സാറേ, ഞങ്ങളെ തല്ലിയാൽ അന്തസായിട്ട് നിന്ന് തല്ലുകൊള്ളും. തിരിച്ച് പ്രതികരിക്കാൻ കഴിയാത്ത ഈ മൃഗത്തെ എന്തിനാണ് തല്ലുന്നത്?”; ജിജോ ഉദ്യോഗസ്‌ഥരോട് ചോദിച്ചു.

സംഭവത്തിൽ പരാതി നൽകാൻ പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴും അനുകൂല പ്രതികരണം ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് ജിജോ പറഞ്ഞു. നായ തലയ്‌ക്ക് അടിയേറ്റ് മരിച്ചതാണെന്ന് സാക്ഷ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പിക്‌സിയെ ചികിൽസിച്ചിരുന്ന ഡോക്‌ടറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സർക്കാർ ഡോക്‌ടറാണ് ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകേണ്ടത് എന്ന് പറഞ്ഞ് അദ്ദേഹം കയ്യൊഴിഞ്ഞു.

ഇതോടെ പിക്‌സിയുടെ ജഡം മോർച്ചറിയിൽ സൂക്ഷിക്കുവാൻ ശ്രമിച്ചെങ്കിലും അനിയോജ്യമായ പെട്ടി ലഭിക്കാത്തതിനാൽ നടന്നില്ല, ഇതോടെ വീട്ടിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന ഫ്രിഡ്‌ജ് കാലിയാക്കി ജഡം അതിൽ സൂക്ഷിച്ചിരിക്കുകയാണ് ജിജോയും കുടുംബവും.

മിണ്ടാപ്രാണിയെ തല്ലിക്കൊന്ന ഉദ്യോഗസ്‌ഥനെതിരെ നടപടി വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് എസ്‌പി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് മൃഗസംരക്ഷണ പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. സംഭവം മേനകാ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജിജോ വ്യക്‌തമാക്കി. സംഭവത്തിൽ ഇതുവരെ പോലീസ് ഉദ്യോഗസ്‌ഥർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Also Read: മഴ ശക്‌തം; ഇടുക്കിയിലും തൃശൂരിലും രാത്രിയാത്രക്കും, വിനോദ സഞ്ചാരത്തിനും വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE