ചേലക്കര: വളർത്തുനായയെ ജീവനോടെ കത്തിച്ചെന്ന ആരോപണത്തിൽ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ചേലക്കര ചാക്കപ്പൻപടി കോൽപുറം പ്രദേശത്ത് പുരുഷോത്തമന് (47) എതിരെയാണ് കേസെടുത്തിരിക്കുന്നത്. പുരുഷോത്തമന്റെ വീട്ടിലെ വളർത്തുനായ ചങ്ങല പൊട്ടിച്ച് വീടിന് പുറത്തേക്ക് വരുന്നതിനെതിരെ അയൽവാസികൾ പരാതിപ്പെട്ടിരുന്നു.
ഇതിനിടെ നായ പുരുഷോത്തമനെ കടിക്കുകയും തുടർന്ന് ഇയാൾ നായയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നുമാണ് വിവരം. പോലീസ് സ്‌ഥലത്തെത്തിയപ്പോൾ നായയെ വീടിനോട് ചേർന്ന് കുഴിച്ചിട്ട നിലയിലായിരുന്നു. ദേഹത്ത് തീ പടർന്ന നായ ജീവരക്ഷക്കായി ഓടുന്നത് കണ്ടുവെന്ന് അയൽക്കാർ പോലീസിനോട് പറഞ്ഞു.
ജനുവരി ഒന്നിനാണ് പുരുഷോത്തമൻ ഇവിടെ വീടുവാങ്ങി താമസമാക്കിയത്. കത്തിക്കരിഞ്ഞ നായയുടെ ജഡം പോലീസ് പോസ്‌റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പ്രാഥമിക വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഉടമയുടെ പേരിൽ കേസെടുത്തതെന്ന് ചേലക്കര പോലീസ് ഐഎസ്‌എച്ച്‌ഒ ബാലകൃഷ്‌ണൻ പറഞ്ഞു. പുരുഷോത്തമൻ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിൽസയിലായതിനാൽ ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്താനായിട്ടില്ല.
Most Read: പട്ടാപ്പകൽ കറങ്ങാനിറങ്ങി പോലീസ് പൊക്കി; പ്രതിയെ കണ്ട് പൊട്ടിച്ചിരിച്ച് ആളുകൾ