കോഴിക്കോട്: അനിശ്ചിതത്വം തുടരുന്ന കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ തുടർനടപടിക്ക് വേണ്ട ബദൽ നിർദ്ദേശവുമായി കരാർ കമ്പനി. പുഴയിൽ നിന്ന് ചെളിയും മണലും സ്വതന്ത്രമായി നീക്കാനും, ഒപ്പം മണൽ വിപണനം നടത്താനുള്ള അനുമതിയും വേണമെന്നാണ് കരാർ കമ്പനി ആവശ്യപ്പെടുന്നത്.
നിലവിൽ പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന മണലും ചെളിയും സൂക്ഷിക്കാനുള്ള ഭൂമിയെ സംബന്ധിച്ചുള്ള കമ്പനിയും ജലസേചന വകുപ്പും തമ്മിലുള്ള തർക്കം ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ചാൽ കോടതിക്ക് മുമ്പാകെയുള്ള നടപടികൾ തീർത്ത് കരാർ ഉറപ്പിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ച് കോടതിയെയും ജലസേചന വകുപ്പിനെയും കരാർ കമ്പനി സമീപിച്ചിട്ടുണ്ട്.
പദ്ധതിയുടെ നിയമക്കുരുക്ക് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും മന്ത്രി എകെ ശശീന്ദ്രനും കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ചിരുന്നു. കോടതിയിലെ കേസ് വേഗത്തിൽ തീർപ്പാക്കാനും, ടെൻഡറിൽ പങ്കെടുത്ത രണ്ടാമത്തെ കരാറുകാരനെകൊണ്ട് നിലവിലുള്ള തുകയ്ക്ക് പ്രവൃത്തി ഏറ്റെടുപ്പിച്ച് നടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
കോരപ്പുഴ റയിൽവേ പാലം മുതൽ അഴിമുഖം വരെയുള്ള ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്ത് പുഴയുടെ ആഴവും ഒഴുക്കും വീണ്ടെടുക്കുന്ന പദ്ധതിയാണിത്. രണ്ടു ലക്ഷത്തോളം ക്യുബിക് മീറ്റർ മണലും ചെളിയുമാണ് പുഴയിൽ നിന്ന് നീക്കം ചെയ്യേണ്ടത്. പദ്ധതിക്ക് 2017 ഡിസംബറിലാണ് ഭരണാനുമതി ലഭിച്ചത്. 3.75 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്.
Read Also: പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്; ധനസഹായം വേഗത്തിലാക്കുമെന്ന് മന്ത്രി






































