കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാരപ്പറമ്പ് ഗവ. ഹോമിയോ മെഡിക്കൽ കോളേജിൽ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാൻ തീരുമാനം. നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സമരം ആരംഭിച്ചിരിക്കുകയാണ്. കോഴിക്കോട് കോർപറേഷന്റെ തീരുമാനം പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.
നടപടിക്കെതിരെ കോളേജിൽ എസ്എഫ്ഐയും കെഎസ്യുവും സമരം ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ കോവിഡ് ബാധിതരുടെ നിരക്ക് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് കാരപ്പറമ്പിലുള്ള ഹോമിയോ കോളേജിൽ എസ്എൽടിസി തുടങ്ങാൻ കോർപറേഷൻ തീരുമാനം എടുത്തത്. എന്നാൽ, ഇതുമൂലം പഠനം മുടങ്ങുമെന്നും, മെഡിക്കൽ കോളേജിൽ അഡ്മിറ്റായ മറ്റ് രോഗികളെ ബാധിക്കുമെന്നുമാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.
കഴിഞ്ഞ വർഷം ഇവിടെ എസ്എൽടിസി പ്രവർത്തിച്ചിരുന്നു. അന്ന് ക്ളാസുകൾ നടന്നിരുന്നില്ല. ഇത്തവണ ക്ളാസുകൾ നടക്കുന്നതിനാൽ എസ്എൽടിസി മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. വിഷയത്തിൽ അടിയന്തിരമായി നടപടി എടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് വിദ്യാർഥികൾ അറിയിച്ചിരിക്കുന്നത്.
Most Read: ‘കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാൽ ഗൂഢാലോചന ആകുമോ’? നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി





































