കാസർഗോഡ്: വീടുകളിൽ രോഗവ്യാപനം കൂടുന്നതിൽ ആശങ്ക അറിയിച്ച് ജില്ലാ മെഡിക്കൽ വിഭാഗം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കിടയിലും പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ സ്വീകരിക്കാൻ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
വീടുകളിൽ നിരീക്ഷണത്തിൽ ആക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും കോവിഡ് പോസിറ്റീവ് രോഗികളുടെ വിപുലമായ സമ്പർക്ക പട്ടിക തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി. കോവിഡ് പോസിറ്റീവായി വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ താൽപര്യപെടുന്നവർ മതിയായ സൗകര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ പാടുള്ളുവെന്ന് കളക്‌ടർ നിർദ്ദേശം നൽകി.
കൂടാതെ, വീടുകളിൽ പ്രത്യേക ശുചിമുറി ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ നിർബന്ധമായും ഡോമിസിലറി കെയർ സെന്ററുകളിലേക്ക് മാറാൻ ആളുകൾ തയ്യാറാകണം. നിലവിൽ എല്ലാ പഞ്ചായത്തുകളിലും ഡോമിസിലറി കെയർ സെന്ററുകൾ സജ്ജമാണ്. വീടുകളിൽ നിന്ന് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. സാരമായ ആരോഗ്യ പ്രശ്‌നമുള്ള കോവിഡ് ബാധിതരെ നിർബന്ധമായും സിഎഫ്എൽടിസികളിലേക്ക് മാറ്റണമെന്നും നിർദ്ദേശമുണ്ട്.
കോവിഡ് പോസിറ്റീവ് ആകുന്നതിന് രണ്ടു ദിവസം മുൻപും തുടർന്നുള്ള മൂന്ന് ദിവസവും നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷണത്തിലാക്കും. ഇതിന്റെ വിവരശേഖരണത്തിനൊപ്പം കൃത്യമായ വാർഡുതല ജാഗ്രതാ സമിതികളുടെ നിരീക്ഷണവും ഏർപ്പെടുത്തുമെന്നും അധികൃതർ നിർദ്ദേശിച്ചു.
ജില്ലാ കളക്‌ടരുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ തദ്ദേശ സ്‌ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, മെഡിക്കൽ ഓഫിസർമാർ എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോജക്‌ട് മാനേജർ ഡോ.എവി രാമദാസാണ് കോവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്.
Read Also: ഒളിമ്പിക്‌സ്; വനിതാ ബോക്‌സിങിൽ ഇന്ത്യയുടെ ലവ്‌ലിനയ്‌ക്ക് വെങ്കലം