ന്യൂഡെൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ സുധാകരന് പകരമായാണ് നിയമനം. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്‌ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ.
പിസി വിഷ്‌ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡണ്ടുമാരായി നിയമിച്ചു. ഇത് സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വാർത്താക്കുറിപ്പ് പുറത്തിറക്കി.
നിലവിലെ യുഡിഎഫ് കൺവീനർ എംഎം ഹസനെയും കെപിസിസി വർക്കിങ് പ്രസിഡണ്ടുമാരായ കൊടിക്കുന്നിൽ സുരേഷ്, ടിഎൻ പ്രതാപൻ, ടി സിദ്ദീഖ് എന്നിവരെയും പദവിയിൽ നിന്നൊഴിവാക്കി. വർക്കിങ് പ്രസിഡണ്ടായി നിയമിതനായ പിസി വിഷ്‌ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽ നിന്നും നീക്കി. ഡോ. അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്‌ഥിരം ക്ഷണിതാവായിരിക്കുമെന്ന് കെസി വേണുഗോപാൽ അറിയിച്ചു.
രണ്ടു പതിറ്റാണ്ടോളം അഭിഭാഷകനായിരുന്നു സണ്ണി ജോസഫ്. തൊടുപുഴയിൽ നിന്ന് ഉളിക്കൽ പുറവയലിലേക്ക് കുടിയേറിയതാണ് കുടുംബം. കെഎസ്‌യു വഴി രാഷ്‌ട്രീയക്കാരനായി. കണ്ണൂർ ഡിസിസി പ്രസിഡണ്ട് ആയിരുന്നു.
ഇതിനിടെ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗവും ഉളിക്കൽ സർവീസ് സഹകരണ ബാങ്ക്, തലശേരി കാർഷിക വികസന ബാങ്ക്, മട്ടന്നൂർ ബാർ അസോസിയേഷൻ, ഇരിട്ടി എജ്യുക്കേഷൻ സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ടായി. 2011ൽ പേരാവൂരിൽ നിന്നാണ് നിയമസഭയിലേക്ക് ആദ്യമായി മൽസരിച്ചത്. സിറ്റിങ് എംഎൽഎ കെകെ ശൈലജക്കെതിരെ ജയം. 2016ലും 2021ലും ഇവിടെ ജയം ആവർത്തിച്ചു.
Most Read| സംഘർഷം രൂക്ഷം; പാക്ക് യുദ്ധവിമാനം വെടിവെച്ചിട്ട് ഇന്ത്യ, അതിർത്തിയിൽ അതീവ ജാഗ്രത