തിരുവനന്തപുരം: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥിയായി കെഎസ് അരുൺ കുമാറിനെ തിരഞ്ഞെടുത്തു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പിന് അധിക നാളുകൾ ഇല്ലാത്തതിനാൽ ഒരു പുതുമുഖത്തെ ഇറക്കി പരീക്ഷണത്തിന് തയ്യാറാകില്ലെന്ന് നേരത്തെ തന്നെ ഇടത് മുന്നണി വ്യക്‌തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ കെഎസ് അരുൺ കുമാറിനെ സ്‌ഥാനാർഥിയായി തിരഞ്ഞെടുത്തത്.
എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിൽ ഒരാളായ കെഎസ് അരുൺ കുമാർ ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിലും സജീവ സാന്നിധ്യമാണ്. കൂടാതെ 20,000ൽ അധികം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്‌പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുണ്‍ കുമാര്‍ മണ്ഡലത്തില്‍ സജീവമാണ്.
സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട് എന്നീ പദവികളിലും അരുൺ കുമാർ ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ച വച്ചിട്ടുണ്ട്. അതേസമയം നാളെ തിരുവനന്തപുരത്ത് ചേരുന്ന സിപിഐഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങൾക്ക് രൂപം നൽകും. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനാണ് മണ്ഡലത്തിന്റെ പൂര്‍ണ മേല്‍നോട്ട ചുമതല.
Read also: പ്രതിഷേധത്തിൽ പന്നിയങ്കര ടോൾ പ്ളാസ; ടോൾ നൽകാതെ സർവീസ് തുടങ്ങി സ്വകാര്യ ബസുകൾ