കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്‌തമാക്കി എബിവിപിയും കെഎസ്‌യുവും. ഷൈജ ആണ്ടവന്റേത് രാജ്യദ്രോഹ നിലപാടാണെന്ന് എബിവിപി ദേശീയ നിർവാഹക സമിതിയംഗം യദുകൃഷ്‌ണ പറഞ്ഞു.
ഗോഡ്‌സെയെ പിന്തുണച്ച പ്രഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ എൻഐടിക്ക് മുന്നിൽ ഗോഡ്‌സെയുടെ കോലം കത്തിച്ചു. രാഷ്‌ട്രപിതാവിനെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയായ ഗോഡ്‌സെയേയാണ് പ്രഫസർ പിന്തുണച്ചത്. ഗാന്ധിവധവുമായി ആർഎസ്എസിന് ബന്ധമില്ല. പ്രഫസർക്കെതിരെ യുജിസിക്കും എൻഐടി ഡയറക്‌ടർക്കും പരാതി നൽകിയെന്നും യദു കൃഷ്‌ണ പറഞ്ഞു.
കെഎസ്‌യുവും ഗോഡ്‌സെയെ പ്രതീകാൽമകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് സൂരജിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതിനിടെ, ഷൈജയുടെ അക്കൗണ്ട് വിവരങ്ങൾ തേടി കുന്ദമംഗലം പോലീസ് ഫേസ്ബുക്കിനെ സമീപിച്ചു. പ്രഫസറുടെ വിവരങ്ങൾ ആവശ്യപ്പെട്ട് എൻഐടി ഡയറക്‌ടർക്കും കത്ത് നൽകി.
അധ്യാപികയിൽ നിന്ന് വിശദീകരണം തേടാൻ രജിസ്‌ട്രാർക്ക് നിർദ്ദേശം നൽകിയതായി എൻഐടി ഡയറക്‌ടർ പ്രസാദ് കൃഷ്‌ണ അറിയിച്ചു. മഹാത്‌മാ ഗാന്ധിയുടെ രക്‌തസാക്ഷി ദിനമായ ജനുവരി 30ന് അഡ്വ. കൃഷ്‌ണരാജ് എന്നയാൾ ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിന്റെ അടിയിൽ, ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് ഷൈജ ആണ്ടവൻ കമന്റിട്ടിരുന്നു. ഇതാണ് വിവാദമായത്.
ഹിന്ദുസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ എന്ന പോസ്‌റ്റിനടിയിലായിരുന്നു വിവാദ കമന്റ്. സംഭവത്തിന് പിന്നാലെ പ്രഫസർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എംഎസ്എഫ് എന്നീ സംഘടനകളും പരാതി നൽകിയിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!