കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളുടെ കസ്‌റ്റഡി അപേക്ഷ മറ്റന്നാൾ പരിഗണിക്കും.
കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എംസി. അതുൽ, വിവി. അക്ഷയ്, സിഎച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതിഭാഗം വാദം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. റെയിൽവേ സ്‌റ്റേഷനിൽ കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടത്തിയതെന്നാണ് പ്രതിഭാഗം വാദിച്ചിരുന്നത്.
ആയുധം ഉപയോഗിച്ചിട്ടില്ല, പ്രവർത്തകർ ഉപയോഗിച്ചെന്ന് പോലീസ് പറയുന്ന ആയുധം എന്താണെന്ന് തെളിയിക്കുകയോ കണ്ടെത്തുകയോ ചെയ്‌തിട്ടില്ല. സ്‌റ്റേഷനിൽ പോലീസ് വലയത്തിലായിരുന്നു മന്ത്രി. ആരോഗ്യനില മോശമായതിനാൽ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറയുന്നു. എന്നാൽ, മന്ത്രി കഴിഞ്ഞ ദിവസം മാദ്ധ്യമത്തിന് പ്രതികരണം നൽകിയെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, കോടതി വാദം അംഗീകരിച്ചില്ല. അതേസമയം, പ്രതികളെ കസ്‌റ്റഡിയിൽ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ചെറിയ ആയുധം ഉപയോഗിച്ചാകാം ആക്രമണം. പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌താൽ മാത്രമേ ഏത് ആയുധം ഉപയോഗിച്ചാണ് പരിക്കേൽപ്പിച്ചതെന്ന് കണ്ടെത്താനാകൂ എന്നും ജാമ്യഹരജിയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!





































