കാൺപൂർ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ വിവാദം. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്ളോട്ട് ബുക്ക് ചെയ്‌ത ആശുപത്രിയിൽ ചെന്ന് വാക്‌സിൻ എടുക്കാതെ ഗസ്‌റ്റ് ഹൗസിൽ വെച്ച് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. സംഭവത്തിൽ കാൺപൂർ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ ആഴ്‌ചയാണ് സ്‌പിൻ ബൗളറായ കുൽദീപ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കുത്തിവെപ്പ് എടുക്കുന്ന ചിത്രം താരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്‌തിരുന്നു. എന്നാൽ ആശുപത്രിയിലോ മറ്റു വാക്‌സിൻ കേന്ദ്രത്തിലോ വെച്ചല്ല കുത്തിവെപ്പ് എടുത്തത് എന്നാണ് ആരോപണം. കോവിഡ് വാക്‌സിനേഷന്റെ കാര്യത്തിൽ താരത്തിന് ‘വിഐപി പരിഗണന’ ലഭിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.
കുൽദീപ് പോസ്‌റ്റ് ചെയ്‌ത ചിത്രത്തിന്റെ കമന്റ് ബോക്‌സിൽ നിരവധി പേരാണ് വിമർശനം രേഖപ്പെടുത്തിയത്. ഇത് വാക്‌സിൻ സെന്ററാണെന്ന് കുൽദീപ് ഇവർക്ക് മറുപടിയും നൽകി.
എന്നാൽ കാൺപൂർ നഗർ നിഗം ഗസ്‌റ്റ് ഹൗസിൽ വെച്ചാണ് കുൽദീപ് വാക്‌സിൻ സ്വീകരിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോവിന്ദ് നഗറിലെ ജഗേശ്വരൻ ആശുപത്രിയിലാണ് വാക്‌സിൻ സ്വീകരിക്കാനായി കുൽദീപ് സ്ളോട്ട് ബുക്ക് ചെയ്‌തതെന്നും റിപ്പോർട്ടുകളുണ്ട്.
Read also: വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി തട്ടിപ്പ്; ഓൺലൈൻ ഷോപ്പിങ്ങിൽ ജാഗ്രത വേണമെന്ന് അബുദാബി പോലീസ്









































