ന്യൂഡെൽഹി: കുമ്പളയിലെ ബിഎംഎസ് പ്രവർത്തകൻ സന്തോഷിനെ വധിച്ച കേസിൽ സിപിഎം നേതാവ് എസ് കൊഗ്ഗു ഉൾപ്പടെയുള്ളവരുടെ ശിക്ഷ ശരിവെച്ച് സുപ്രീം കോടതി. ഹൈക്കോടതി വിധിച്ച നാലുവർഷത്തെ തടവ് ശിക്ഷക്കെതിരെ പ്രതികൾ നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി.
കൊഗ്ഗുവിന് പുറമേ സിപിഎം പ്രവർത്തകരായ സോഡാ ബാലൻ, മുഹമ്മദ് കുഞ്ഞി എന്നീ പ്രതികൾക്ക് ഹൈക്കോടതി വിധിച്ച ശിക്ഷയും സുപ്രീം കോടതി ശരിവെച്ചു. ആർഎസ്എസ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ നിന്ന് സ്വയം പ്രതിരോധിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ ബസന്തും അഭിഭാഷകൻ രാകേന്ദ് ബസന്തും വാദിച്ചു. എന്നാൽ, 29 വെട്ടുകളാണ് സന്തോഷിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
1998 ഒക്ടോബർ 9നാണ് സന്തോഷ് എന്ന വിനു കൊല്ലപ്പെടുന്നത്. കേസിലെ പ്രതികളായ സോഡ ബാലൻ, എസ് കൊഗ്ഗു, മുഹമ്മദ് കുഞ്ഞി എന്നിവർക്ക് ജില്ലാ സെഷൻസ് കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിനെതിരെ നൽകിയ അപ്പീലിൽ ഹൈക്കോടതി ശിക്ഷ നാല് വർഷമാക്കി കുറച്ചു. കേസിലെ മറ്റൊരു പ്രതി വി ബാലകൃഷ്ണൻ നേരത്തെ മരിച്ചിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ കൊഗ്ഗു കുമ്പള പഞ്ചായത്തിലെ അംഗമായിരുന്നു. ശിക്ഷ വിധിക്കപ്പെട്ട കൊഗ്ഗു പഞ്ചായത്ത് അംഗമായി തുടരുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ താൽകാലികമായി അയോഗ്യത ഏർപ്പെടുത്തിയിരുന്നു.
ബിജെപി സഹായത്തോടെ സ്ഥിരം സമിതി അധ്യക്ഷനായി കൊഗ്ഗു തിരഞ്ഞെടുക്കപ്പെട്ടത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ബിജെപിയിൽ ഇത് രൂക്ഷമായ തർക്കത്തിനും ഇടയാക്കി. തുടർന്ന് കൊഗ്ഗു ആ പദവി രാജിവെക്കുകയായിരുന്നു.
Most Read: കീഴടങ്ങാതെ നിവൃത്തിയില്ല; വിജയ് ബാബുവിനെതിരെ പോലീസ്







































