തിരുവനന്തപുരം: നേമം ബിജെപി നിലനിർത്തുമെന്ന ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം രാജശേഖരൻ. നേമത്ത് പൂർണ വിശ്വാസം ഉണ്ട്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവർ ബിജെപി സ്‌ഥാനാർഥി പട്ടികയിൽ ഉണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും നേമത്തെ ബിജെപി സ്‌ഥാനാർഥി കൂടിയായ കുമ്മനം പറഞ്ഞു. നേമത്തെ ജനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ബിജെപിയെ അനുകൂലിച്ചു. ഇത്തവണയും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
“വിവിധ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച പ്രമുഖർ ബിജെപിയിൽ മൽസരിക്കുന്നു എന്നതാണ് സ്‌ഥാനാർഥി പട്ടികയുടെ സവിശേഷത. എൽഡിഎഫിനും, യുഡിഎഫിനും എതിരായ ജനവികാരം കേരളത്തിൽ തിളച്ച് മറിയുകയാണ്. ബിജെപിക്കും എൻഡിഎക്കും അനുകൂലമായി പരിവർത്തനത്തിന്റെ കാറ്റ് വീശുന്നുണ്ട്. ബിജെപി വിജയക്കൊടി പാറിക്കുമെന്ന് ഉറപ്പാണ്,”- കുമ്മനം പറഞ്ഞു.
ഒ രാജഗോപാലിലൂടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഏക സീറ്റാണ് നേമം. ഒ രാജഗോപാലിന്റെ വ്യക്‌തിപ്രഭാവം കൊണ്ടാണ് കഴിഞ്ഞ തവണ ബിജെപി നേമത്ത് വിജയിച്ചതെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണയും മണ്ഡലം നിലനിർത്തും എന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.
Also Read: സിപിഐ സ്‌ഥാനാർഥി മരിച്ചതായി ജൻമഭൂമി വാർത്ത; പ്രതിഷേധം







































