ന്യൂഡെൽഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ ഏൽപ്പിക്കുമെന്ന് സുപ്രീം കോടതി. കേസിൽ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ട ജഡ്‌ജിയെ തങ്ങള്‍ തന്നെ തീരുമാനിക്കുമെന്നും ചീഫ് ജസ്‌റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അറിയിച്ചു. ജഡ്‌ജി ഉത്തര്‍പ്രദേശിന് പുറത്ത് നിന്നുള്ള വ്യക്‌തി ആയിരിക്കുമെന്നും കോടതി പറഞ്ഞു. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ നിന്നും വിരമിച്ച രണ്ട് ജഡ്‌ജിമാരുടെ പേരും സുപ്രീം കോടതി മുന്നോട്ട് വച്ചു. വിഷയത്തില്‍ യുപി സർക്കാരിന്റെ നിലപാടും കോടതി തേടി.
അതേസമയം വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് യുപി സർക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. തുടർന്ന് വെള്ളിയാഴ്‌ചക്കകം നിലപാട് അറിയിക്കണം എന്ന് കോടതി നിർദ്ദേശിച്ചു.
ലഖിംപൂര്‍ സംഭവത്തില്‍ യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുള്ള അതൃപ്‌തിയും സുപ്രീം കോടതി പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്ന് വ്യക്‌തമാക്കി ആയിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ഫോണ്‍ പിടിച്ചെടുക്കാത്തതില്‍ ഉള്‍പ്പടെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
10 ദിവസം നല്‍കിയിട്ടും തല്‍സ്‌ഥിതി റിപ്പോര്‍ട്ടില്‍ ഒന്നും പുതിയതായി ഇല്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കേസിലെ 13 പ്രതികളില്‍ ഒരാളുടെ ഫോണ്‍ മാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ തേടിയ കോടതി വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്നും ചൂണ്ടിക്കാട്ടി.
Most Read: ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; പ്രശാന്ത് ഭൂഷൺ