തിരുവനന്തപുരം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവച്ച ലതികാ സുഭാഷ് സ്വതന്ത്രയായി മൽസരിക്കുന്നു. ഏറ്റുമാനൂരിലാണ് ലതിക മൽസരിക്കുക. തന്നെ പിന്തുണക്കുന്ന പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ടോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന.
കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്. ലതികാ സുഭാഷ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെ അങ്ങേയറ്റം വൈകാരിക പ്രതിഷേധവുമായി കഴിഞ്ഞ ദിവസം ലതികാ സുഭാഷ് കെപിസിസി ഓഫീസിന് മുന്നിൽ എത്തിയിരുന്നു. പല പദവികളിലായി പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനങ്ങളെല്ലാം എണ്ണിപ്പറഞ്ഞ ലതിക മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി കരഞ്ഞു. പാർട്ടി ആസ്‌ഥാനമായ ഇന്ദിരാഭവന് മുന്നിൽ വെച്ച് തലമുണ്ഡനംചെയ്യുകയും മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെക്കുകയും ചെയ്‌തു.
രാഷ്‌ട്രീയ കേരളം ഇന്നു വരെ കാണാത്ത തരം പ്രതിഷേധം നടത്തിയ ലതിക തലമുണ്ഡനം ചെയ്യുന്നത് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ അടക്കം റിപ്പോർട് ചെയ്‌തിരുന്നു.
അനുനയിപ്പിക്കാൻ എത്തിയ എംഎം ഹസനോട് 15 വയസുള്ള കുട്ടിയല്ലല്ലോ താൻ എന്ന ചോദ്യമാണ് ലതിക ഉന്നയിച്ചത്. തന്റെ പ്രതിഷേധം ആരോടുമുള്ള പോരല്ലെന്നും മറ്റൊരു പാർട്ടിയിലും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ലതിക പറഞ്ഞു. മറ്റ് കാര്യങ്ങളെ കുറിച്ച് അടുപ്പമുള്ള പാർട്ടി പ്രവർത്തകരുമായി ആലോചിച്ച ശേഷമാകും തീരുമാനമെടുക്കുക എന്നും ലതിക വ്യക്‌തമാക്കിയിരുന്നു.
Also Read: തവനൂരിലേക്കില്ല; വിവാദങ്ങളിൽ വിഷമമുണ്ട്; ഫിറോസ് കുന്നംപറമ്പിൽ







































