കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ളാറ്റ് നിർമ്മാണം വീണ്ടും ആരംഭിക്കണം എന്നാവശ്യപ്പെട്ട് അനിൽ അക്കരെ എംഎൽഎ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ എംഎൽഎയുടെ പരാതിയിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും കരാറുകാരായ യുണീടാകിനെ പ്രതി ചേർക്കുകയും ചെയ്‌തിരുന്നു. ഇതോടെ കമ്പനി പദ്ധതിയിൽ നിന്ന് പിൻമാറിയിരുന്നു. അതിനാൽ ഫ്‌ളാറ്റുകളുടെ നിർമ്മാണം വീണ്ടും തുടങ്ങാൻ ബദൽ സംവിധാനം ഒരുക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി.
വടക്കാഞ്ചേരി പദ്ധതിക്ക് കരാർ ലഭിക്കാൻ സ്വർണക്കടത്ത് കേസ് പ്രതികൾക്കും യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്‌ഥർക്കും നാല് കോടിയോളം രൂപ കോഴ നൽകിയെന്നാണ് യുണീടാക് ഉടമകളുടെ മൊഴി. ഇതിനെ തുടർന്നാണ് കമ്പനിയെ കേസിൽ പ്രതി ചേർക്കാൻ സിബിഐ തീരുമാനിച്ചത്.
പിന്നീട് അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ സമർപ്പിച്ച ഹരജിയിൽ രണ്ട് മാസത്തേക്ക് അന്വേഷണത്തിന് സ്‌റ്റേ ഏർപ്പെടുത്താൻ ഹൈക്കോടതി വിധിച്ചിരുന്നു. അതേ സമയം യുണീടാകിന് എതിരായ അന്വേഷണം തുടരാമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.
വടക്കാഞ്ചേരി നഗരസഭയിലെ ചരൽപ്പറമ്പിലാണ് ഫ്ളാറ്റ് സമുച്ചയം പണിയുന്നത്. ഏകദേശം രണ്ട് ഏക്കറോളം ഭൂമിയിൽ നാല് ബ്ളോക്കുകളായി 140 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്.
Read Also: സൈബര്‍ ആക്രമണത്തിന് എതിരായ നിയമഭേദഗതി; ഒപ്പിടാതെ ഗവര്‍ണര്‍