കൊച്ചി: ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. ഡിസംബർ 17 വരെയാണ് സ്‌റ്റേ നീട്ടിയത്. സർക്കാരിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി നടപടി. ലൈഫ് മിഷൻ കേസിൽ സംസ്‌ഥാന സർക്കാരിനെതിരെ സിബിഐയാണ് കോടതിയെ സമീപിച്ചത്.
അന്വേഷണത്തിന് സ്‌റ്റേ നിലനിൽക്കുന്നതിനാൽ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ട് പോകുവാൻ കഴിയില്ല. കേസിൽ രണ്ട് മാസത്തോളമായി സിബിഐ അന്വേഷണം നടക്കുന്നില്ല.
അന്വേഷണ ഉദ്യോഗസ്‌ഥന്റെ കൈകൾക്ക് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്ന അവസ്‌ഥയാണ് ഇപ്പോൾ ഉള്ളതെന്ന് സ്‌റ്റാൻഡിങ് കൗൺസിൽ കോടതിയെ അറിയിച്ചു. അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കണമെന്നും സ്‌റ്റേ നീക്കിയ ശേഷം എഫ്‌സിആർഎ നിയമലംഘനത്തിൽ ലൈഫ് മിഷൻ സിഇഒ നൽകിയിരിക്കുന്ന ഹരജിയിൽ വാദം കേൾക്കാമെന്നും കോടതിയിൽ സിബിഐ അറിയിച്ചു.
കേസിൽ സംസ്‌ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കെവി വിശ്വനാഥനാണ് കോടതിയിൽ ഹാജരായത്. കേസ് 21ലേക്ക് മാറ്റിവെക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ 17ന് കേസിൽ വാദം കേൾക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കണമെന്ന സിബിഐയുടെ വാദം 17ന് കേൾക്കും. കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി സംസ്‌ഥാന സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.
Read also: കര്‍ഷകര്‍ തെരുവില്‍; പുരസ്‌കാരം നിഷേധിച്ച് ശാസ്‌ത്രജ്‌ഞന്‍