തിരുവനന്തപുരം: എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തെ ചൊല്ലി എൽജെഡിയിൽ പൊട്ടിത്തെറി. ശ്രേയാംസ് കുമാർ രാജി വെക്കണമെന്ന നിലപാടിലാണ് സംസ്‌ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്, സുരേന്ദ്രൻ പിള്ള എന്നിവർ ഉൾപ്പെട്ട എൽജെഡി വിമത വിഭാഗം. തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്‌ഥാന ഭാരവാഹി യോഗത്തിന് പിന്നാലെയാണ് വിമത നീക്കം.
സംസ്‌ഥാന കമ്മിറ്റി വിളിച്ചു ചേർക്കാൻ സംസ്‌ഥാന പ്രസിഡണ്ട് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയർത്തുന്നത്. സംസ്‌ഥാന നേതൃയോഗം വിളിച്ചു ചേർത്തിട്ട് 9 മാസമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 20ന് മുൻപ് രാജിവെക്കണമെന്നാണ് വിമത വിഭാഗത്തിന്റെ അന്ത്യശാസനം. ശ്രേയാംസ് അനുകൂലികൾ സമവായത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും വിമതർ വഴങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ.
എല്‍ഡിഎഫ് ഘടകകക്ഷിയായ എല്‍ജെഡിക്ക് മുന്നണിയിൽ അര്‍ഹമായ പരിഗണന ലഭിച്ചില്ല. എല്‍ഡിഎഫില്‍ എത്തുന്നതിന് മുന്‍പ് പ്രാതിനിധ്യം ഉറപ്പാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിര്‍ണയത്തില്‍ ജനാധിപത്യ രീതി ഉണ്ടായിട്ടില്ല. സംസ്‌ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നുവെന്നും നേതാക്കള്‍ വിമർശിച്ചു.
ഹാരിസിന്റെ നേതൃത്വത്തിലുളള വിമത വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ശ്രേയാംസ് കുമാറുമായി യോജിച്ച് പോവാനാകില്ലെന്ന് അറിയിച്ചു. എന്നാൽ തർക്കത്തിൽ ഇപ്പോൾ ഇടപെടില്ലെന്നും ഒന്നിച്ചു പോകണമെന്നും മുഖ്യമന്ത്രി നേതാക്കാളോട് ആവശ്യപ്പെട്ടു.
അതേസമയം സമാന്തര യോഗം ചേര്‍ന്നവര്‍ക്ക് സ്‌ഥാനമാനങ്ങളോട് ആര്‍ത്തിയാണെന്ന് എല്‍ജെഡി ഔദ്യോഗിക പക്ഷം വാദിച്ചു.
Most Read: മോഡലുകളുടെ അപകട മരണം; ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന