വയനാട്: വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിലെ ജീവനക്കാർ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽക്കയറി മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ബത്തേരി മണ്ഡലം സെക്രട്ടറി ജോഷി വേങ്ങൂർ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബുധനാഴ്‌ച രാവിലെ ബത്തേരിയിലെ ബജാജ് ഫിൻസെർവിന്റെ ഓഫിസ് അടപ്പിച്ചു.
“കഴിഞ്ഞ ജൂലായിൽ സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിലെ വായ്‌പ ഉപയോഗിച്ച് ലാപ്‌ടോപ്പ് വാങ്ങിയിരുന്നു. തുടക്കത്തിൽ മാസത്തവണകൾ കൃത്യമായി അടച്ചുവന്നിരുന്നെങ്കിലും ഇടക്ക് അസുഖം ബാധിച്ച് ചികിൽസയിൽ ആയിരുന്നതിനാൽ മൂന്നുമാസത്തെ തിരിച്ചടവ് മുടങ്ങി.
വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് രണ്ടു പേർ വീട്ടിലേക്ക് വന്നത്. അടവ് മുടങ്ങിയ പണമോ അല്ലെങ്കിൽ ലാപ്‌ടോപ്പോ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഇത് രണ്ടും നടക്കില്ലെന്നും നിയമനടപടി സ്വീകരിച്ചുകൊള്ളാൻ താൻ പറയുകയും ചെയ്‌തു. ഇതിനുപിന്നാലെ വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറി മൊബൈൽ ഫോൺ തട്ടിപ്പറിച്ചു. ഫോൺ തിരിച്ചുവാങ്ങാൻ ശ്രമിച്ചപ്പോഴാണ് മർദ്ദിച്ചത്,”- സംഭവത്തെക്കുറിച്ച് ജോഷി പറഞ്ഞു.
അടിയേറ്റു നിലത്തുവീണ തന്നെ വലിച്ചിഴക്കുകയും ചവിട്ടുകയും ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്‌തതായി ജോഷി ആരോപിച്ചു. ഈസമയം അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ എന്നും ബഹളംകേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞുവെന്നും ജോഷി പറഞ്ഞു.
എന്നാൽ ജോഷിയുടെ ആരോപണം വാസ്‌തവ വിരുദ്ധമാണെന്ന് ബജാജ് ഫിൻസെർവിലെ ജീവനക്കാർ പറഞ്ഞു. സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ജോഷിയാണ് ജീവനക്കാരെ വീടിനു സമീപത്തെ റോഡിലേക്ക് വിളിച്ചു വരുത്തിയത്. തിരിച്ചടവ് മുടങ്ങിയ തുക ആവശ്യപ്പെട്ടപ്പോൾ ആക്രമിക്കാൻ ശ്രമിച്ചെന്നും തുടർന്ന്, ഓടി രക്ഷപ്പെടുകയായിരുന്നു എന്നും ജീവനക്കാർ പറഞ്ഞു.
Most Read: ഇന്ധനനികുതി കുറയ്‌ക്കണം; സംസ്‌ഥാനങ്ങളെ വിമർശിച്ച് പ്രധാനമന്ത്രി







































