ശക്‌തമായ പ്രതിപക്ഷമാകാൻ ഇന്ത്യാ മുന്നണി; സർക്കാർ രൂപീകരണ നടപടികൾ ആരംഭിച്ച് എൻഡിഎ

നരേന്ദ്രമോദി സർക്കാർ രൂപീകരിക്കുന്നതിന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു.

By Trainee Reporter, Malabar News
Congress president; Shashi Tharoor as a fighter
Ajwa Travels

ന്യൂഡെൽഹി: ലോക്‌സഭയിൽ ശക്‌തമായ പ്രതിപക്ഷമായി തുടരാൻ ഇന്ത്യാ മുന്നണി യോഗത്തിൽ തീരുമാനം. ബിജെപിയുടെ ഫാസിസ്‌റ്റ് ഭരണത്തിനെതിരായ പോരാട്ടം തുടരുമെന്ന് യോഗത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ രാഷ്‌ട്രീയത്തിനും നിലപാടിനുമുള്ള മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സർക്കാർ ഭരിക്കരുതെന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യാ മുന്നണി യോഗത്തിന് ശേഷം ഖർഗെ പറഞ്ഞു. നിലവിലെ സാഹചര്യത്തെ കുറിച്ച് ഇന്ത്യാ സഖ്യയോഗത്തിൽ ചർച്ച നടന്നു. ഭരണഘടനാ സംരക്ഷണത്തിനായി പോരാടുമെന്നും ഖർഗെ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ ബ്ളോക്കാകാനും സഖ്യയോഗത്തിൽ ധാരണയായി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ വെച്ചാണ് ഇന്ന് ഇന്ത്യാ മുന്നണി യോഗം നടന്നത്. രണ്ടുമണിക്കൂർ പിന്നിട്ട യോഗത്തിൽ, തൃണമൂൽ കോൺഗ്രസ്, എഎപി, ആർജെഡി, സിപിഎം, എൻസിപി, സമാജ്‍വാദി പാർട്ടി, ഡിഎംകെ ഉൾപ്പടെയുള്ള പാർട്ടി നേതാക്കൾ പങ്കെടുത്തു. ഉദ്ധവ് വിഭാഗം ശിവസേന നേതാവ് ഉദ്ധവ് താക്കറെ യോഗത്തിൽ പങ്കെടുത്തില്ല.

ഇതോടെ, പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദിക്ക് മൂന്നാം ഊഴവും ഉറപ്പായി. ഇന്ന് ചേർന്ന എൻഡിഎ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. മോദിയെ എൻഡിഎ യോഗം നേതാവായി നിശ്‌ചയിച്ചത് ഏകകണ്‌ഠമായാണെന്ന് നേതാക്കൾ അറിയിച്ചു. നരേന്ദ്രമോദി സർക്കാർ രൂപീകരിക്കുന്നതിന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു.

ഇക്കാര്യം വ്യക്‌തമാക്കി ഇരുവരുടെയും പാർട്ടികളായ ജെഡിയുവും ടിഡിപിയും പിന്തുണ കത്ത് നൽകുകയും ചെയ്‌തു. ഇതോടെ അടുത്ത അഞ്ചുവർഷം ഇന്ത്യ ആര് ഭരിക്കുമെന്ന അനിശ്‌ചിതത്വവും നീങ്ങി. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നേരത്തെ കൈമാറിയിരുന്നു. ഏതൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെഡിയുവും ടിഡിപിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.

കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻഡിഎ വേഗത്തിലാക്കി. സർക്കാർ രൂപീകരിക്കാൻ ഇന്ന് തന്നെ അവകാശവാദം ഉന്നയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ നേതാക്കൾ ഇന്ന് രാത്രി തന്നെ രാഷ്‌ട്രപതിയെ കാണും. ഘടകകക്ഷികളുടെ പിന്തുണ കത്തടക്കം കൈമാറിക്കൊണ്ട് എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാകും ആവശ്യപ്പെടുക.

Most Read| കൊച്ചിയെ മുക്കിയത് മേഘവിസ്‌ഫോടനം; സ്‌ഥിരീകരിച്ച് കാലാവസ്‌ഥാ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE