തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതി സംബന്ധിച്ച് സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. ലോകായുക്‌ത നിയമത്തിലെ 14ആം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ഭേദഗതി എന്നായിരിക്കും മറുപടി.
ലോക്‌പാൽ നിയമം വന്നതോടെ ലോകായുക്‌ത സംസ്‌ഥാന വിഷയമാണെന്നും ഭേദഗതിക്ക് രാഷ്‌ട്രപതിയുടെ അനുമതി വേണ്ടെന്നും ഗവർണറെ അറിയിക്കും. സർക്കാരിന്റെ വിശദീകരണത്തിൽ ഗവർണറുടെ തുടർനിലപാട് നിർണായകമാണ്. ലക്ഷദ്വീപ് സന്ദർശനം കഴിഞ്ഞ് ഇന്ന് വൈകിട്ടോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് എത്തുക.
വിവാദങ്ങൾ ശക്‌തമായതോടെയാണ് ലോകായുക്‌ത ഓർഡിനൻസില്‍ ഗവർണർ ഇടപെട്ടത്. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് വിശദീകരണം തേടിയത്. ഭരണഘടനാ വിരുദ്ധം, രാഷ്‌ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നൽകേണ്ടത്.
നിലവിലെ ലോകായുക്‌ത നിയമത്തിലെ 14ആം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഭരണഘടനയിലെ 164 അനുച്‌ഛേദത്തിലേക്ക് കടന്ന് കയറുന്നതാണ് ലോകായുക്‌ത നിയമത്തിലെ പതിനാലാം വകുപ്പെന്നാണ് സർക്കാരിന്റെ വാദം. പല സംസ്‌ഥാനങ്ങളിലെയും സമാന നിയമങ്ങൾ, കേന്ദ്ര ലോക്‌പാൽ നിയമം എന്നിവ പരിശോധിച്ചാണ് ഭേദഗതി തീരുമാനിച്ചതെന്നും സർക്കാർ ഗവർണറെ അറിയിക്കും. ലോകായുക്‌തയുടെ അധികാരങ്ങളെ വെട്ടിക്കുറക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന ഉറപ്പും സർക്കാർ നൽകും.
Most Read: നടിയെ ആക്രമിച്ച കേസ്; ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നതില്‍ വിധി ഇന്ന്









































