തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ ഗവർണർക്ക് വിശദീകരണം നൽകിയേക്കും. നിലവിലെ ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതി നിഷേധവുമാണെന്ന അഭിപ്രായം സർക്കാർ രേഖാമൂലം നൽകും. നിയമഭേദഗതിക്ക് പ്രസിഡണ്ടിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടും സർക്കാർ ഗവർണറെ അറിയിക്കും.
ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടൻ ഒപ്പുവെക്കില്ലെന്നാണ് സൂചന. സർക്കാർ വിശദീകരണ കുറിപ്പ് സമർപ്പിക്കുന്നത് വരെ തുടർനടപടികൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. സർക്കാരാകട്ടെ വേഗം മറുപടി നൽകാനാണ് ശ്രമിക്കുന്നത്. നിലവിലെ ലോകായുക്ത നിയമത്തിലെ 14ആം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇത് ആവർത്തിക്കുന്നതിനോടൊപ്പം അഡ്വ. ജനറൽ നൽകിയ നിയമോപദേശവും സർക്കാർ നൽകിയേക്കും.
ഭരണഘടനയിലെ 164 അനുച്ഛേദത്തിലേക്ക് കടന്ന് കയറുന്നതാണ് ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പെന്നാണ് സർക്കാരിന്റെ വാദം. പല സംസ്ഥാനങ്ങളിലെയും സമാന നിയമങ്ങൾ, കേന്ദ്ര ലോക്പാൽ നിയമം എന്നിവ പരിശോധിച്ചാണ് ഭേദഗതി തീരുമാനിച്ചതെന്നും സർക്കാർ ഗവർണറെ അറിയിക്കും. ലോകായുക്തയുടെ അധികാരങ്ങളെ വെട്ടിക്കുറക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന ഉറപ്പും സർക്കാർ നൽകും. സർക്കാർ നൽകുന്ന വിശദീകരണം, നിയമ വിദഗ്ധരുടെ അഭിപ്രായം എന്നിവ പരിശോധിച്ചായിരിക്കും ഗവർണർ തുടർ നടപടികൾ സ്വീകരിക്കുക.
Also Read: ചേവായൂർ പോലീസ് സ്റ്റേഷന് മുൻപിൽ വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം






































