ന്യൂഡെൽഹി: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനായുള്ള പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വരുത്തിയത്.
പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. വില വർധനയോടെ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു. കേരളത്തിൽ ഗാർഹിക സിലിണ്ടറിന് 922 രൂപയോളം വരും.
2025 ഏപ്രിൽ മുതൽ സബ്‌സിഡിയില്ലാതെ ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയും കുതിക്കുകയാണ്. ഇറാൻ-യുഎസ് യുദ്ധം നീളുമെന്ന ആശങ്ക കാരണമാണിത്. 11% വരെ വില ഉയർന്നു. ബാരലിന് 89.62 ഡോളർ എന്ന നിലയിലെത്തി.
പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ വിതരണത്തെയും ഇന്ധന ലഭ്യതയെയും കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ഈ വർധന. രാജ്യത്ത് ഊർജ പ്രതിസന്ധിയില്ലെന്നും വിതരണ തടസങ്ങളെ കുറിച്ച് ഉപയോക്‌താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ ഉറപ്പ് നൽകിയിരുന്നു.
Most Read| അക്ഷരങ്ങളെ ഉൾക്കാഴ്‌ചകൊണ്ട് നേരിട്ട് ജസീല; 397ആം റാങ്ക് തിളക്കം






































