തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ വിജിലൻസ് ജയിലിലെത്തി ചോദ്യം ചെയ്യും. ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന വിജിലൻസിന്റെ അപേക്ഷ ഇന്ന് എറണാകുളം പ്രിസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചതിനെ തുടർന്നാണ് നടപടി. ഇഡി കേസിൽ കസ്‌റ്റഡി കാലാവധി കഴിഞ്ഞ ശിവശങ്കർ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്.
നാളെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. രണ്ട് മണിക്കൂർ ചോദ്യം ചെയ്‌താൽ ശിവശങ്കറിന് അരമണിക്കൂർ വിശ്രമം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതി കേസിൽ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്.
വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ശിവശങ്കറിന് വ്യക്‌തമായ പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് നൽകിയ മൊഴിയിൽ നിന്നാണ് കൈക്കൂലി ഇടപാടിൽ ശിവശങ്കറിന്റെ പങ്ക് തെളിയിക്കുന്ന നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചത്. ഫ്ളാറ്റ് നിർമ്മാണ കരാർ ലഭിക്കാൻ യുണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ കോണ്‍സുലേറ്റിന്റെ മുൻ ഫിനാൻസ് ഓഫീസർ ഖാലിദിന് നൽകിയ കൈക്കൂലി പണത്തിൽ നിന്നും 1.50 കോടി രൂപ തനിക്ക് കൈമാറിയെന്നാണ് സ്വപ്‌നയുടെ മൊഴി. ഈ പണം ശിവശങ്കറിന്റെ നിർദേശ പ്രകാരം ലോക്കറിൽ സൂക്ഷിച്ചുവെന്നും മൊഴിയിൽ പറയുന്നു.
കൈക്കൂലി നൽകിയ ശേഷം ശിവശങ്കറിനെ കണ്ടുവെന്ന് യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കറിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി സന്തോഷ് ഈപ്പനെ പരിയപ്പെടുത്തിയതായും എല്ലാ നിർദേശങ്ങളും നൽകിയത് ശിവശങ്കറാണെന്നും ലൈഫ് മിഷൻ സിഇഒ യുവി ജോസും മൊഴി നൽകിയിട്ടുണ്ട്. അതിനാൽ ഇപ്പോള്‍ ലഭിച്ച തെളിവുകള്‍ നിരത്തിയാകും നാളെ ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യുക.
World News: കോവിഡ് മുക്‌തരായവരില്‍ തലച്ചോറിനെ ബാധിക്കുന്ന പ്രശ്‌നങ്ങളും








































