ന്യൂഡെൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം മിന്നും വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്‌തമായി. സർക്കാർ രൂപീകരണ ചർച്ചകൾ മഹായുതി സഖ്യത്തിൽ പുരോഗമിക്കവേ മുഖ്യമന്ത്രി സ്‌ഥാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യരുതെന്ന് ആർഎസ്എസ് നേതൃത്വം ബിജെപിയോട് നിർദ്ദേശിച്ചതായാണ് വിവരം.
മഹായുതി സഖ്യത്തെ അധികാരത്തിലെത്തിക്കുകയും ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർത്തുകയും ചെയ്‌ത ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരിശ്രമം അംഗീകരിക്കപ്പെടണമെന്നാണ് ആർഎസ്എസ് നിലപാട്. ഫഡ്‌നാവിസ് സംസ്‌ഥാനത്തുടനീളം വിപുലമായ പ്രചാരണം നടത്തിയിരുന്നു. 64 റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്.
ഇതോടെ മുഖ്യമന്ത്രി സ്‌ഥാനം ബിജെപി ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്‌തമായി. ഏക്‌നാഥ് ഷിൻഡെ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ രണ്ട് ഉപമുഖ്യമന്ത്രിമാരാണ് സംസ്‌ഥാനത്തുള്ളത്. ഇത് തുടരണോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. ഘടകകക്ഷികളായ ശിവസേന ഷിൻഡെ വിഭാഗം, എൻസിപി അജിത് പവാർ വിഭാഗം എന്നിവർക്ക് നൽകേണ്ട മന്ത്രി സ്‌ഥാനങ്ങളിലും ഇന്ന് തീരുമാനമുണ്ടായേക്കും.
നാളെയാണ് ബിജെപിയുടെയും ഘടകകഷികളുടെയും യോഗം. മറ്റന്നാൾ പുതിയ സർക്കാർ സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണ് സൂചന. മൂന്ന് മഹായുതി പാർട്ടികളുടെയും നിയമസഭാ കക്ഷി നേതാക്കൾ ഇന്ന് മുംബൈയിൽ യോഗം ചേരുമ്പോൾ, സംസ്‌ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ഫഡ്‌നാവിസിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫഡ്‌നാവിസുമായി നല്ല അടുപ്പം പങ്കിടുന്ന അജിത് പവാറും ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകുമെന്നും സൂചനകളുണ്ട്. മഹാരാഷ്‌ട്രയിൽ നിന്ന് ഏറ്റവും ഒടുവിൽ വന്ന കണക്കുകൾ പ്രകാരം സംസ്‌ഥാനത്ത് മഹായുതി സഖ്യം 233 സീറ്റുകളിലാണ് വിജയം ഉറപ്പിച്ചത്. 288 സീറ്റുകളിലേക്കായിരുന്നു മൽസരം. മഹാവികാസ് അഖാഡിയായിരുന്നു മുഖ്യ എതിരാളി.
ബിജെപി ഒറ്റയ്‌ക്ക് 83 സീറ്റിൽ വിജയിക്കുകയും 50 സീറ്റുകളിൽ ലീഡ് ഉറപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ശിവസേന 39 സീറ്റുകൾ, എൻസിപി 33 സീറ്റുകൾ എന്നിവയിലാണ് വിജയമുറപ്പാക്കിയത്. ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകൾ കുറവുള്ള ബിജെപി മഹാരാഷ്‌ട്രയിൽ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്.
അതേസമയം, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ഇന്ത്യാ സഖ്യം. 81 സീറ്റുള്ള സംസ്‌ഥാനത്ത് 56 സീറ്റ് നേടിയാണ് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം മൂന്നാം തവണയും ഭരണം പിടിച്ചെടുത്തത്. ജെഎംഎം നേതാവ് ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രി ആകാനാണ് സാധ്യത.
സഖ്യക്ഷികളുടെ വകുപ്പ് സംബന്ധിച്ച് ഇന്ന് റാഞ്ചിയിൽ ചർച്ച നടക്കും. 16 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. എല്ലാ പാർട്ടികളുടെയും പിന്തുണ നേടി ഉടനടി ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. മന്ത്രിസഭാ രൂപീകരണത്തിന് മുൻപ് ഹേമന്ത് സോറൻ ഡെൽഹിയിലെത്തി ഇന്ത്യാ സഖ്യ നേതാക്കളെ കാണുമെന്നാണ് വിവരം. 24 സീറ്റുകളാണ് സംസ്‌ഥാനത്ത് എൻഡിഎ നേടിയത്.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി