മലപ്പുറം: നിലമ്പൂരിലെ വനം ടൂറിസം കേന്ദ്രങ്ങള്‍ ഇന്നുമുതല്‍ തുറക്കും. കനോലി പ്ലോട്ട്, ചന്തക്കുന്ന് ബംഗ്ലാവ്കുന്നിലെ ആകാശ പാത, കോഴിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് ചൊവ്വാഴ്ച മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം. പൂര്‍ണ്ണമായും കോവിഡ് നിബന്ധനകള്‍ പാലിച്ചാണ് പ്രവേശന പാസ് നല്‍കുക.
കൊറോണ വൈറസ് വ്യാപനം മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ 2020 മാര്‍ച്ച് 24 മുതല്‍ തന്നെ വനം വകുപ്പിന്റെ നിലമ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിരുന്നു. മൂന്ന് വിനോദ കേന്ദ്രങ്ങളില്‍ നിന്നായി ഏകദേശം ഒരുകോടിയോളം രൂപയാണ് ഈ കാലയളവില്‍ പാസ് ഇനത്തില്‍ നഷ്ടമായത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ അനുമതിയോടെ നിയന്ത്രണ വിധേയമായി നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് കൊടുക്കുന്നത്.
കനോലി പ്ലോട്ടിലെ തേക്ക് മുത്തശിയാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം. എന്നാല്‍ കനോലി പ്ലോട്ടിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് എളുപ്പം എത്തിച്ചേരാനുള്ള ചാലിയാറിന് കുറുകെയുള്ള തൂക്കു പാലം പ്രളയത്തില്‍ തകര്‍ന്നതിനാല്‍ മൈലാടി പാലം വഴി വേണം വിനോദ സഞ്ചാരികള്‍ക്ക് തേക്ക് മുത്തശിയുടെ അരികിലെത്താന്‍. ഇതിനായി 16 കിലോമീറ്ററാണ് ഇവര്‍ ജീപ്പില്‍ അധികം സഞ്ചരിക്കേണ്ടി വരിക. ചന്തക്കുന്നിലെ പഴയ വനം ബംഗ്ലാവിലെ ആകാശ നടപ്പാതയാണ് വിനോദസഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രം. ഇവിടേക്കും പ്രവേശനത്തിന് അനുമതി ലഭിച്ചു.
ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ടം കാണാനും ചൊവ്വാഴ്ച്ച മുതല്‍ സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.