മലപ്പുറം: യാത്രക്കിടെ ട്രെയിനിലെ സെൻട്രൽ ബെർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ച സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. സ്ളീപ്പർ കോച്ചിലെ ബെർത്തിന് തകരാർ ഉണ്ടായിരുന്നില്ലെന്നും, ചങ്ങല ശരിയായി ഇടാതിരുന്നതാണ് അപകട കാരണമെന്നുമാണ് റെയിൽവേയുടെ വിശദീകരണം.
പൊന്നാനി മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കൽ അലിഖാനാണ് (62) മരിച്ചത്. ‘മുകളിലെ യാത്രക്കാരൻ ചെയിൻ ശരിയായി ഇട്ടിരുന്നില്ല. ട്രെയിൻ രാമഗുണ്ടത്ത് നിർത്തി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി. സീറ്റ് നിസാമുദ്ദീൻ സ്റ്റേഷനിൽ പരിശോധിച്ച്, തകരാറില്ലെന്ന് കണ്ടെത്തി’- റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.
എസ് 6 കോച്ചിൽ താഴത്തെ ബെർത്തിൽ 57ആം നമ്പർ സീറ്റിലായിരുന്നു അലിഖാൻ. മധ്യ ബെർത്തിലെ യാത്രക്കാരൻ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്ത് തേഡ് എസി കൊച്ചിലേക്ക് മാറി. എന്നാൽ, മധ്യ ബെർത്തിലെ സീറ്റിന്റെ ചങ്ങല ശരിയായി ഇടാതിരുന്നതിനാൽ സീറ്റ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റെയിൽവേ പത്രക്കുറിപ്പിൽ പറയുന്നത്.
ഡെൽഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാനയ്ക്ക് അടുത്തുള്ള വാറങ്കലിൽ വെച്ച് എറണാകുളം- നിസാമുദ്ദീൻ മില്ലെനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. റെയിൽവേ അധികൃതർ അലിഖാനെ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് വിദഗ്ധ ചികിൽസയ്ക്കായി ഹൈദരാബാദിലെ കിങ്സ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വെള്ളിയാഴ്ച മൂന്ന് അടിയന്തിര ശസ്ത്രക്രിയകൾ നടത്തിയിരുന്നെങ്കിലും ഇന്നലെ രാത്രി മരിച്ചു. സെൻട്രൽ ബെർത്ത് പൊട്ടി കഴുത്തിൽ വന്നിടിച്ചതിന്റെ ആഘാതത്തിൽ മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹത്തിന്റെ കൈകളും കാലുകളും തളർന്നുപോയിരുന്നു.
Most Read| ജൂലിയൻ അസാൻജിനെ സ്വതന്ത്രനാക്കി യുഎസ് കോടതി; ജൻമനാട്ടിലേക്ക് മടങ്ങാം