ബത്തേരി: ജില്ലയിൽ കഞ്ചാവിന്റെ വൻ ശേഖരവുമായി മലപ്പുറം സ്വദേശി അറസ്‌റ്റിൽ. ഏറനാട് പാണ്ടിക്കാട് കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് മുബഷീർ (28) ആണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്‌റ്റിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച ഇന്നോവ കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
കാറിന്റെ ബോണറ്റിനുള്ളിൽ അടക്കം വിവിധ ഭാഗങ്ങളിൽ ഭദ്രമായി പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു കഞ്ചാവ്. ബോണറ്റ് തുറന്ന് മൂന്ന് പാക്കറ്റും വാഹനത്തിനടിയിൽ മുൻഭാഗത്തിനും പിൻചക്രത്തിന് സമീപത്ത് നിന്നും രണ്ട് വീതം പാക്കറ്റും ഉദ്യോഗസ്‌ഥർ കണ്ടെടുത്തു. പ്രതിയെ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. സർക്കിൾ ഇൻസ്‌പെക്‌ടർ ആർ നിഗീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ പിഎ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫിസർ മൻസൂർ അലി, എംസി സനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Most Read: 30 ഡോക്‌ടർമാർക്ക് കോവിഡ്; കോട്ടയം മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം








































