മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ നവവധു ഭർതൃവീട്ടിൽ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ ഭർത്താവിനായി ബ്ളൂ കോർണർ നോട്ടീസ് ഇറക്കും. ദുബായ് വഴി സൗദിയിലേക്ക് കടന്നിരിക്കുകയാണ് പ്രതിയായ മുഹമ്മദ് ഫായിസ്. ഇയാളെ നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
നിലവിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥനോട് ഹൈക്കോടതി റിപ്പോർട് തേടിയിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈം ബ്രാഞ്ചിനോ സിബിഐക്കോ അന്വേഷണം കൈമാറണമെന്നും ആവശ്യപ്പെട്ട് യുവതി നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി.
കഴിഞ്ഞ മേയ് രണ്ടിനായിരുന്നു വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗർ സ്വദേശി മുഹമ്മദ് ഫായിസുമായി യുവതിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ടും സുഹൃത്തുക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചും ക്രൂരമായി മർദ്ദിച്ചിരുന്നതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
കുനിച്ച് നിർത്തി മർദ്ദിച്ചതിനെ തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റു. അടിവയറ്റിലും മർദ്ദനമേറ്റിട്ടുണ്ട്. ആക്രമണത്തിൽ ചെവിക്ക് പരിക്കേറ്റതിനെ തുടർന്ന് കേൾവി ശക്‌തിയും തകരാറിലായെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റപ്പോൾ ഭർതൃവീട്ടുകാർ നാലുതവണ ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസ നൽകി. മർദ്ദനവിവരം പുറത്ത് പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ആത്‍മഹത്യ ചെയ്യുമെന്നും ഫായിസ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
ദിവസങ്ങൾക്ക് ശേഷം യുവതി ഫോണിൽ വിളിച്ച് കരഞ്ഞതോടെ സംശയം തോന്നിയ കുടുംബാംഗങ്ങൾ വേങ്ങരയിലെ ഭർതൃവീട്ടിൽ എത്തിയപ്പോഴാണ് മകൾ ക്രൂര മർദ്ദനത്തിനിരയായതായി കണ്ടത്. യുവതിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. സൗന്ദര്യത്തിന്റെ പേരിൽ ഭാര്യയെ സംശയിച്ച ഫായിസ്, സുഹൃത്തുക്കളുടെ പേര് പറഞ്ഞും കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ടുമാണ് യുവതിയെ മർദ്ദിച്ചത്. മേയ് 23നാണ് യുവതി മലപ്പുറം വനിതാ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.
ഈ പരാതിയിൽ ഗാർഹിക പീഡനം, ഉരുപദ്രവം, വിശ്വാസം തകർക്കുന്ന വിധത്തിലുള്ള പെരുമാറ്റം അടക്കമുള്ള നിസ്സാര വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്. കേസ് അന്വേഷണത്തിലും പോലീസ് അലംഭാവം കാണിച്ചതോടെ ഒരാഴ്‌ചക്ക് ശേഷം മേയ് 28നാണ് യുവതി മലപ്പുറം എസ്‌പിക്ക് പരാതി നൽകിയത്. എസ്‌പിയുടെ നിർദ്ദേശപ്രകാരം കേസിൽ വധശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ വകുപ്പുകൾ കൂടി ചേർത്തു. ഇതിനിടയിൽ ഫായിസും മാതാപിതാക്കളും മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളിയിരുന്നു. ഫായിസ് വിദേശത്തേക്ക് കടക്കുകയും ചെയ്‌തു.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം