കൊച്ചി: പഞ്ചാബിലെ ജലന്ധറിൽ മലയാളി കന്യാസ്‌ത്രീ സി മേരി മേഴ്‌സി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മേരി ആത്‌മഹത്യ ചെയ്യില്ലെന്നും മരണത്തിന്റെ തലേന്നും ഫോണിൽ സംസാരിച്ചിരുന്നുവെന്നും സഹോദരൻ മാർട്ടിൻ പറഞ്ഞു.
അർത്തുങ്കൽ കാക്കരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരി മേഴ്‌സി(31) ആണ് മരിച്ചത്. ചൊവ്വാഴ്‌ച ആത്‌മഹത്യ ചെയ്‌തെന്നാണ് സഭാ അധികൃതർ വീട്ടുകാരെ അറിയിച്ചത്. നാലുവർഷമായി സേവനം ചെയ്യുന്ന സാദിഖ് ഔവർലേഡി ഓഫ് അസംപ്ഷൻ കോൺവെന്റിൽ ജീവനൊടുക്കി എന്നാണ് വിവരം.
അതേസമയം സഹോദരി എന്തെങ്കിലും വിഷമതകൾ ഉള്ളതായി പറഞ്ഞിട്ടില്ലെന്ന് മാർട്ടിൻ വ്യക്‌തമാക്കി. അവസാനം വിളിച്ചപ്പോൾ ജൻമദിനത്തില്‍ വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചതെന്നും സന്യാസസഭയുടെ എറണാകുളം ആസ്‌ഥാനത്ത് നിന്നാണ് സഹോദരി ആത്‌മഹത്യ ചെയ്‌തതായി അറിയിച്ചതെന്നും സഹോദരന്‍ മാർട്ടിൻ പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പുനർ പോസ്‌റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ആലപ്പുഴ അർത്തുങ്കലിലെ വീട്ടിലെത്തിച്ചു.
Most Read: മോഫിയയുടെ ആത്‌മഹത്യ; പ്രതികളെ വീണ്ടും റിമാൻഡ് ചെയ്‌തു