കുവൈത്ത് സിറ്റി: പ്രവാസലോകത്തേയും ഒപ്പം മലയാളികളെയും നടുക്കിയ മറ്റൊരു ദുരന്തവാർത്തയാണ് കുവൈത്തിൽ നിന്ന് കേട്ടത്. കുവൈത്തിലെ അബ്ബാസിയയിൽ കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെ എസിയിൽ നിന്ന് തീപടർന്നതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് നാലംഗ മലയാളി കുടുംബമാണ് മരിച്ചത്. അവധി കഴിഞ്ഞ് വെള്ളിയാഴ്‌ചയാണ് ഇവർ നാട്ടിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങിയെത്തിയത്.
തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളയ്‌ക്കൽ (38), ഭാര്യ ലിനി എബ്രഹാം (35), മക്കളായ ഐറിൻ (13), ഐസക് (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചുമണിയോടെ വിമാനത്താവളത്തിൽ എത്തിയ ഇവർ അബ്ബാസിയയിലെ താമസ സ്‌ഥലത്ത് എത്തി ഉറങ്ങാൻ കിടന്നതായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ആ ദുരന്തം സംഭവിച്ചു. രാത്രി എട്ട് മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്‌ളാറ്റിൽ തീപിടിത്തം ഉണ്ടായതെന്നാണ് വിവരം.
വീട്ടിനകത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പരിസരവാസികൾ വിവരം അറിയിച്ചതോടെ ഫയർഫോഴ്‌സ് സ്‌ഥലത്ത് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. നാലുപേരും സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കുവൈത്തിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവരസാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് മാത്യു. ലിനി അദാൻ ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സുമാണ്. മകൻ ഐസക് രണ്ടാം ക്ളാസ് വിദ്യാർഥിയും ഐറിൻ ഒമ്പതാം ക്ളാസ് വിദ്യാർഥിയുമാണ്. ഭവൻസ് സ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത്. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
15 വർഷത്തിലധികമായി കുവൈത്തിൽ പ്രവാസ ജീവിതം നയിക്കുന്നവരാണ് മാത്യൂവും ഭാര്യയും. രണ്ടു വർഷം മുമ്പാണ് ഇവർ നാട്ടിൽ പുതിയ വീട് പണിതത്. വീട്ടിലിപ്പോൾ മാത്യുവിന്റെ അമ്മ മാത്രമേയുള്ളൂ. കുവൈത്തിൽ ജീവനക്കാരുടെ പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പേയാണ് ഈ ദുരന്തം. അപകടങ്ങൾ ഇല്ലാതാക്കാൻ മുന്നറിയിപ്പ് ആവർത്തിക്കുമ്പോഴും അപകടങ്ങൾ തുടർക്കഥയാവുകയാണ് കുവൈത്തിൽ.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി