കൊച്ചി: ആൺകുട്ടികളും പെൺകുട്ടികളും ക്ളാസുകളിൽ ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ലെന്നും അതല്ല ഭാരത സംസ്‌കാരമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതാണ് എസ്എൻഡിപിയുടെ നിലപാടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുജിസി പട്ടികയിൽ ഹിന്ദു വിഭാഗം നടത്തുന്ന കോളേജുകൾക്കൊന്നും റാങ്കില്ലെന്നും അവിടെയൊന്നും അച്ചടക്കമില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സര്‍ക്കാരിന്റെ പല നിലപാടുകളിലും ഞങ്ങൾ വിഷമമുണ്ട്. സർക്കാർ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. പറയുന്ന നിലപാടിൽ നിന്നും പലതും മാറി പോകുന്ന അവസ്‌ഥയുണ്ട്.
ഈ വാദത്തെ ന്യായീകരിക്കാനായി വെള്ളാപ്പള്ളി ഉദാഹരിച്ചത്, ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഓടിച്ച വാഹനമിടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിനെ പരാമർശിച്ചാണ്. ‘ഒരു പത്രപ്രവര്‍ത്തകനെ ഒരു ഐഎഎസുകാരൻ വണ്ടിയിടിച്ച് കൊന്നു, എന്നിട്ട് അയാളെ ആലപ്പുഴ കളക്‌ടറാക്കിവച്ചു. അതിൽ പ്രതിഷേധിച്ച് ഒരു സമുദായം പതിനാല് ജില്ലയിലും പ്രതിഷേധം നടത്തിയപ്പോൾ അയാളെ ആ സ്‌ഥാനത്ത് നിന്നും അപ്പോൾ തന്നെ മാറ്റി. ഇത്തരം സംഭവങ്ങൾ നല്ല സന്ദേശമല്ല നൽകുന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തിന് അടിപ്പെട്ട് സര്‍ക്കാര്‍ നിൽക്കരുത്‘ –വെള്ളാപ്പള്ളി പറഞ്ഞു.
‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ടതില്ല. നമ്മുടേത് ഭാരതസംസ്‌കാരമാണ്. നമ്മളാരും അമേരിക്കയിലല്ല ജീവിക്കുന്നത്. ഇവിടുത്തെ ക്രിസ്‌ത്യൻ, മുസ്‌ലിം മാനേജ്മെന്റിന്റെ കോളേജുകളിൽ പോയാൽ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാൻ പറ്റില്ല. എന്നാൽ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും കോളേജുകളിൽ അരാജകത്വമാണ് കാണാൻ സാധിക്കുന്നത്.‘ -വെള്ളാപ്പള്ളി പറഞ്ഞു.

‘പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മടിയിൽ തലവച്ചു കിടക്കുന്നു, തിരിച്ചു ചെയ്യുന്നു, കെട്ടിപ്പിടിച്ചു ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കുന്നുവെന്ന് മനസിലാക്കണം. ഇതിലെല്ലാം നശിക്കുന്നത് ഈ രണ്ട് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ്. കൊല്ലത്തെ എസ്‌എൻ കോളേജിൽ സമരം നടക്കും, എന്നാൽ ഫാത്തിമ മാതാ കോളേജിൽ സമരമേയില്ല. മാനേജ്‌മെന്റ് സമ്മതിക്കില്ല. ഞങ്ങളുടെ കോളേജിൽ എല്ലാം പഠിക്കുന്നത് പാവപ്പെട്ട പിള്ളേരാണ്. യുജിസിയുടെ ലിസ്‌റ്റിൽ എന്തു കൊണ്ട് ഒരൊറ്റ ഹിന്ദു മാനേജ്മെന്റ് കോളേജ് പോലും ഇല്ലായിരുന്നു. അവിടെ അച്ചടക്കമില്ല എന്നതാണ് പ്രധാന പ്രശ്‌നം.‘-വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
Most Read: ഗോൾഫ് കളിക്കുന്നതിനിടെ യുവാവിന്റെ പിന്നിലെത്തി മുതല, വീഡിയോ