കൊച്ചി: ഉൽപന്നങ്ങൾ വീട്ടിലെത്തിക്കാൻ ഒരുക്കങ്ങളുമായി മൽസ്യഫെഡ്. വാട്സ്ആപ്പിൽ സന്ദേശം അയച്ചാൽ വീട്ടിലേക്ക് മൽസ്യം എത്തിക്കാനുള്ള സൗകര്യമാണ് മൽസ്യഫെഡ് ഒരുക്കുന്നത്. ഓരോ മൽസ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റർ ചുറ്റളവിലാണ് ഉൽപന്നങ്ങൾ എത്തിക്കുക. ജില്ലയിൽ മുഴുവൻ ഈ സംവിധാനം ആരംഭിക്കാനാണ് തീരുമാനം. ലോക്ക്ഡൗൺ ആയതോടെ മൽസ്യഫെഡിന്റെ മീൻകടകളിലേക്ക് ആളുകൾ എത്തുന്നതിൽ കുറവ് വന്നിട്ടുണ്ട്.
ഇതോടെയാണ് ഉപഭോക്താക്കൾക്ക് മൽസ്യം വീടുകളിൽ എത്തിച്ചു നൽകാൻ തീരുമാനിച്ചത്. ഫ്രീസറുള്ള വാഹനത്തിൽ മീനുമായി പ്രധാനയിടങ്ങളിൽ എത്തി വിൽപന നടത്തുന്ന രീതി മൽസ്യഫെഡ് ഇപ്പോൾത്തന്നെ നടപ്പാക്കിയിട്ടുണ്ട്. നിശ്ചിത ദിവസങ്ങളിൽ ഓരോ സ്ഥലങ്ങളിൽ എത്തുകയാണ് ചെയ്യുന്നത്. പച്ചമീൻ, വൃത്തിയാക്കിയ മീൻ, മറ്റ് മൽസ്യ ഉൽപന്നങ്ങൾ തുടങ്ങിയവയാണ് എത്തിക്കുന്നത്.
ഇതിൽനിന്ന് വ്യത്യസ്തമായി ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മീൻ വീട്ടിൽ എത്തിക്കുന്നതാണ് പുതിയ പദ്ധതി. ഇരുചക്ര വാഹനത്തിലാണ് വീടുകളിലേക്ക് മീൻ എത്തിക്കുന്നത്. അഞ്ചു കിലോമീറ്റർ വരെ 20 രൂപയും 10 കിലോമീറ്റർ വരെ 30 രൂപയുമാണ് ഡെലിവറി ചാർജ്. ഫിഷറീസ് വകുപ്പിന്റെ ഫാമുകളിൽ നിന്നുള്ള മൽസ്യവും ഇങ്ങനെ എത്തിക്കാനാണ് തീരുമാനം.
Read Also: ഇന്ധന വിലയിൽ ഇന്നും വർധന







































