ന്യൂഡെൽഹി/ കൊൽക്കത്ത: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിൽ രൂക്ഷ വിമർശനവുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും. പുതിയ നയം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. വാക്‌സിൻ നയത്തിൽ മാറ്റംവരുത്തി രാജ്യത്ത് കോവിഡ് വാക്‌സിന് ഏകീകൃത വില നിശ്‌ചയിക്കണമെന്നും ഇരുവരും പറഞ്ഞു.
കോവിഡ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ ദുരിതം വർധിപ്പിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സോണിയാ ഗാന്ധി പറഞ്ഞു. ഉയർന്ന തുക നൽകി പ്രതിരോധ കുത്തിവെപ്പെടുക്കാൻ രാജ്യത്തെ പൗരൻമാരെ നിർബന്ധിതരാക്കുന്നതാണ് പുതിയ വാക്‌സിൻ നയം. ഇത് സംസ്‌ഥാനങ്ങളുടെ സാമ്പത്തിക സ്‌ഥിതിയെ ബാധിക്കുമെന്നും സോണിയ കത്തിൽ പറഞ്ഞു.
ഏകപക്ഷീയവും വിവേചനപരവുമാണ് പുതിയ വാക്‌സിൻ നയം. കഴിഞ്ഞ വർഷം കോവിഡ് തീർത്ത കഠിനമായ പാഠങ്ങളും ജനങ്ങളുടെ ദുരിതവും തിരിച്ചറിഞ്ഞിട്ടും കേന്ദ്രസർക്കാർ ഏകപക്ഷീയവും വിവേചനപരവുമായ നയം പിന്തുടരുന്നത് ആശ്‌ചര്യകരമാണെന്നും സോണിയ പറഞ്ഞു.
18 വയസ് പൂർത്തിയായ എല്ലാ പൗരൻമാർക്കും സൗജന്യ വാക്‌സിൻ നൽകാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഉപേക്ഷിച്ചുവെന്നാണ് പുതിയ വാക്‌സിൻ നയം വ്യക്‌തമാക്കുന്നത് എന്നും സോണിയ ആരോപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം, ഒരു രാജ്യം ഒരു പാർട്ടി ഒരു നേതാവ് എന്ന് എപ്പോഴും വിളിച്ചുപറയുന്ന ബിജെപി ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള കോവിഡ് വാക്‌സിന് ഒരേ വില ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് മമതാ ബാനർജി ചോദിച്ചു.
ജാതി, മതം, പ്രായം, പ്രദേശം എന്നിവ കണക്കിലെടുക്കാതെ രാജ്യത്തെ എല്ലാ പൗരൻമാർക്കും സൗജന്യ വാക്‌സിൻ ആവശ്യമാണ്. വാക്‌സിന് ഒരേ വില നിശ്‌ചയിക്കണമെന്നും മമത ആവശ്യപ്പെട്ടു.
Also Read: ‘പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ ശാപം’; തോമസ് ഐസക്







































