തിരുവനന്തപുരം: മാണി സി കാപ്പന്റെ മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ എൻസിപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പട്ടു. കാപ്പൻ മുന്നണി മാറ്റം പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്. ഇത് സംബന്ധിച്ച് പാർട്ടിയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നും കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയിൽ ശശീന്ദ്രൻ ആരോപിച്ചു.
പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി സീറ്റ് ചർച്ചയാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, മാണി സി കാപ്പിനൊപ്പം എൻസിപി കേരള ഘടകവും ഇടതുമുന്നണി വിടുമോ എന്ന കാര്യത്തിൽ നിർണായക തീരുമാനം ഇന്നുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനും മാണി സി കാപ്പനും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് ഉച്ചക്ക് കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ടിപി പീതാംബരൻ കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ചർച്ചയുടെ അടിസ്ഥാനത്തിൽ കേന്ദ്ര നേതൃത്വം നിലപാട് നാളെ വ്യക്തമാക്കും. അതേസമയം, കാപ്പന്റെ യുഡിഎഫ് പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ എൻസിപി കോട്ടയം ജില്ലാ നേതൃത്വം തുടങ്ങിക്കഴിഞ്ഞു. 12 ജില്ലാ കമ്മറ്റികളിൽ എട്ടെണ്ണവും ഒപ്പമുണ്ടെന്നാണ് കാപ്പൻ വിഭാഗത്തിന്റെ അവകാശവാദം.
ഞായറാഴ്ച രാവിലെ ഐശ്വര്യ കേരളയാത്രയിൽ അണികൾക്കൊപ്പം മാണി സി കാപ്പൻ യുഡിഎഫിന്റെ ഭാഗമാകും. ഇടതുമുന്നണി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പരമാവധി നേതാക്കളെ ഒപ്പം നിർത്താനുള്ള നീക്കവും കാപ്പൻ ആരംഭിച്ചിട്ടുണ്ട്.
Also Read: കത്വ കേസ്; യൂത്ത് ലീഗ് അഞ്ച് ലക്ഷം നൽകി; ഇരയുടെ കുടുംബം രംഗത്ത്