അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ തുടരും. ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ബുധനാഴ്‌ച മാണിക് സാഹയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പ്രതിഭ ഭൗമിക് മുഖ്യമന്ത്രി ആകുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. മാണിക് സാഹ തന്റെ മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞതോടെ ആയിരുന്നു പുതുമുഖം വേണോയെന്ന ചർച്ച ബിജെപിയിൽ ഉയർന്നത്. തിരഞ്ഞെടുപ്പിൽ വനിതകളുടെ പിന്തുണ കൂടുതൽ കിട്ടിയെന്ന വിലയിരുത്തലും പ്രതിഭയ്‌ക്ക് പരിഗണന കിട്ടുമെന്ന നിലയിൽ ചർച്ചയായിരുന്നു.
എങ്കിലും തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിച്ച മാണിക് സാഹയ്‌ക്ക് തന്നെ ആയിരുന്നു മുൻതൂക്കം. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയ മാണിക് സാഹയെ 2022ൽ ആണ് ബിജെപി മുഖ്യമന്ത്രിയാക്കിയത്. ബിപ്ളബ് ദേബിനെ മാറ്റിയായിരുന്നു നിയമനം. ഒരു കൊല്ലം മാത്രമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി കസേരയിൽ മാണിക് സാഹ ഇരുന്നത്. 60 അംഗ നിയമസഭയിൽ 33 സീറ്റ് നേടിയാണ് ത്രിപുരയിൽ ബിജെപി അധികാരത്തിലേറിയത്.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി