ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ നാളെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചതായി റിപ്പോർട്. പ്രമേയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടെന്നും നാളെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതിനിടെ, മണിപ്പൂർ വിഷയത്തിൽ സർക്കാർ ചർച്ചക്ക് തയ്യാറാണെന്ന് ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കത്തയച്ചു.
കത്തിന്റെ പകർപ്പ് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ‘മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. എല്ലാ പാർട്ടികളിൽ നിന്നും സഹകരണം തേടുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാ പാർട്ടികളും സഹകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- അമിത് ഷാ ട്വീറ്റിൽ പറഞ്ഞു. വർഷകാല സമ്മേളനം വ്യാഴാഴ്‌ച ആരംഭിച്ചത് മുതൽ മണിപ്പൂർ വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലെയും പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു.
വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്‌താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആവർത്തിച്ചുള്ള സഭാ സ്‌തംഭനത്തിൽ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് മുതിർന്ന പ്രതിപക്ഷ നേതാക്കളുമായി ഫോൺ സംഭാഷണം നടത്തുകയും പാർലമെന്റിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.
Most Read: ചന്ദ്രയാൻ- 3 അഞ്ചാംഘട്ടം; ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി