മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒപി സംവിധാനം അടിയന്തിരമായി പുനഃസ്‌ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി. സംസ്‌ഥാനത്ത് തന്നെ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളേജിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജായി പ്രഖ്യാപിക്കപ്പെട്ടതോടെ പണി പൂർത്തിയായ സ്‍ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അക്കാദമിക് ബ്ളോക്കാക്കി മാറ്റി. നിലവിലുണ്ടായിരുന്ന ജനറൽ ആശുപത്രി നഷ്‌ടപ്പെടുകയും ചെയ്‌തു. പ്രസ്‌തുത സംവിധാനം നഷ്‌ടമായതാണ് ചികിൽസാ സൗകര്യങ്ങൾ കുറയാൻ പ്രധാന കാരണമായത്. ഈ വിഷയത്തിൽ സംസ്‌ഥാന സർക്കാറും മഞ്ചേരി നഗരസഭയും അടിയന്തിരമായി ഇടപെടണം.
മെഡിക്കൽ കോളേജിന്റെ ഒരു ഭാഗമെങ്കിലും ഒപി പുനഃസ്‌ഥാപിക്കാനായി വിട്ട് നൽകുകയോ, നിലവിൽ പ്രവർത്തിക്കാത്ത സർക്കാർ സ്‌കൂളുകളുടെ ഭൗതിക സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുകയോ ചെയ്യണം. സാധാരണക്കാർ നേരിടേണ്ടി വരുന്ന ചികിൽസാ നിഷേധം ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്ത കാര്യമാണ്. പ്രത്യേകിച്ചും ലോക്ക്‌ഡൗൺ നിയന്ത്രങ്ങങ്ങൾ ഉൾപ്പടെ കടുത്ത ദുരിതം നേരിടുന്ന ഈ കാലത്ത്. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നതും നീതീകരിക്കാനാവില്ല; കമ്മിറ്റി വ്യക്‌തമാക്കി
ഇക്കാര്യത്തിൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് നിൽപ്പ് സമരമുൾപ്പെടെയുള്ള ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേരള മുസ്‌ലിം ജമാഅത്ത് സോൺ കമ്മിറ്റി അറിയിച്ചു. യോഗത്തിൽ അബദുൽ അസീസ് സഖാഫി എലമ്പ്ര അധ്യക്ഷത വഹിച്ചു, സൈനുദ്ധീൻ സഖാഫി ചെറുകുളം, അബ്‌ദുള്ള മേലാക്കം, എസി ഹംസ, ഇബ്രാഹീം വെള്ളില, സിഎം സിദ്ധീഖ്, സി മുഹമ്മദ് ഫൈസി തുടങ്ങിയവർ പങ്കെടുത്തു.
Read also: അർഹതപ്പെട്ട അവകാശങ്ങൾ മുസ്‌ലിം സമുദായത്തിന് പലപ്പോഴും നഷ്‌ടപ്പെടുന്നു; ഖലീൽ തങ്ങൾ








































