കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ചു ക്രൈം ബ്രാഞ്ച്. കേസിൽ ഒന്നാം പ്രതി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം ആറ് പേർ കുറ്റക്കാരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ആറുപേർക്കെതിരെയും ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന വിവി രമേശൻ നൽകിയ പരാതിയിലാണ് ആദ്യം ലോക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടാണ് കോടതി അനുമതിയോടെ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തത്. എന്നാൽ, കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നു എന്ന തരത്തിൽ വലിയ ആരോപണം ഉയർന്നിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു എന്ന ആരോപണവുമായി കെ സുന്ദര ഉൾപ്പടെ രംഗത്ത് വരുന്ന സാഹചര്യം ഉണ്ടായി.
ബിഎസ്പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആണ് കേസ്. തനിക്ക് രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല് ഫോണും ലഭിച്ചെന്ന് സുന്ദര അന്വേഷണ സംഘത്തിന് നേരത്തെ മൊഴി നല്കിയിരുന്നു.
അതേസമയം കേസിലെ നിർണായ തെളിവുകളിൽ ഒന്നായ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു എന്നായിരുന്നു സുരേന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ ഈ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മൊഴികളെല്ലാം കളവെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ ഇനി വിശ്വാസത്തിൽ എടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം.
കാസർഗോഡുള്ള സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ സുന്ദര അപേക്ഷ തയ്യാറാക്കിയിരുന്നത്. ഇവിടെ താൻ താമസിച്ചിട്ടില്ല എന്നായിരുന്നു സുരേന്ദ്രൻ മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് കളവാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Most Read: ബഫർസോൺ; കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി








































