കോഴിക്കോട്: വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് വീണ്ടും ജില്ലയിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ. ഇന്ന് പുലർച്ചയോടെ കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻ പുഴ പ്രദേശത്താണ് പോസ്റ്ററുകൾ കണ്ടത്. സിപിഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയ സമിതിയുടെ പേരിലാണ് പോസ്റ്ററുകൾ. മൂന്ന് മുന്നണികളെയും പോസ്റ്ററിൽ നിശിതമായി വിമർശിക്കുന്നുണ്ട്.
പോസ്റ്റർ പതിപ്പിക്കാൻ നാല് പേർ അടങ്ങുന്ന സംഘമാണ് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. കർഷകരെ സംരക്ഷിക്കുമെന്നും കർഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കാൻ ഒപ്പമുണ്ടാകുമെന്നും പോസ്റ്റർ പറയുന്നു. മാത്രവുമല്ല ഇടതു-വലതു-ബിജെപി മുന്നണിയുടെ വികസന നയം സാമ്രാജ്യത്വ നാടൻ കുത്തകകൾക്ക് കൂട്ടിക്കൊടുക്കുന്ന രാജ്യദ്രോഹം അല്ലാതെ മറ്റൊന്നുമല്ലെന്നും പോസ്റ്ററിൽ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ തിരഞ്ഞെടുപ്പല്ല ജനകീയ യുദ്ധമാണ് വിമോചനത്തിന്റെ പാതയെന്നും മതേതര ജാതിരഹിത ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാൻ ജനകീയ യുദ്ധത്തിൽ അണിനിരക്കണമെന്നും പോസ്റ്ററുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്. കോർപറേറ്റുകളെയും ബ്രഹ്മണ്യ ഹിന്ദു ഫാസിസത്തെയും നേരിടാൻ സായുധരാവുക എന്നും പോസ്റ്ററുകളിൽ പറയുന്നു.
Malabar News: ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്; പ്രതി പിടിയിൽ





































