തിരുവനന്തപുരം: മാവോയിസ്‌റ്റ് വേട്ടക്കായി കേന്ദ്രത്തിൽ നിന്നും സംസ്‌ഥാന സര്‍ക്കാര്‍ കൈപ്പറ്റിയത് 6.67 കോടി രൂപയെന്ന് ആഭ്യന്തര മന്ത്രാലയം. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലേക്കാണ് ഈ പണം നല്‍കിയതെന്നും എട്ടു മാവോവാദികളെ പോലീസ് വധിച്ചതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്റില്‍ വ്യക്‌തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നല്‍കിയ സാഹചര്യത്തില്‍ ഇതിലെ ദുരൂഹത നീക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. കേരളത്തില്‍ നടന്ന മാവോയിസ്‌റ്റ് വേട്ട വ്യാജമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2000നും 2021നും ഇടയില്‍ കേരളത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് 2016ന് ശേഷമാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.
പിണറായി വിജയന്റെ ഭരണത്തില്‍ ഇതുവരെ എട്ടു മാവോയിസ്‌റ്റുകളാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ നടന്ന ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്നും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം നേടിയെടുക്കാനുള്ള തന്ത്രമാണ് വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിന്നിലെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍ ആക്ഷേപം ശക്‌തമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പടെ വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ ഇതിനോട് മുഖം തിരിക്കുകയാണ്. കേരളത്തില്‍ നടന്ന മാവോയിസ്‌റ്റ് കൊലപാതകങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Read Also: ബസ് ചാർജ് വർധന, മദ്യ നയം; ഇടത് മുന്നണി യോഗം ഇന്ന് ചേരും