മാനന്തവാടി: വയനാട് ജില്ലയിലെ തലപ്പുഴയിൽ മാവോയിസ്‌റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഘമെത്തിയത്. ആറംഗ സംഘമാണ് എത്തിയതെന്നാണ് വിവരം. തലപ്പുഴയിലെ കെഎഫ്‌ഡിസിയുടെ ഓഫീസ് മാവോയിസ്‌റ്റ് സംഘം അടിച്ചു തകർത്തു. ആക്രമണത്തിന് ശേഷം പോസ്‌റ്ററുകളും പതിപ്പിച്ചാണ് സംഘം മടങ്ങിയത്.
ആക്രമണത്തെ തുടർന്ന് തണ്ടർബോൾട്ട് സംഘവും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. കമ്പമലയിലെ നാട്ടുകാരിൽ നിന്നുൾപ്പെടെ പോലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്. തോട്ടം ഭൂമി ആദിവാസികൾക്കും തൊഴിലാളികൾക്കും നൽകണമെന്ന് ആവശ്യപ്പെടുന്ന പോസ്‌റ്ററുകളാണ് സംഘം പതിപ്പിച്ചത്.
‘പാടി അടിമത്തത്തിൽ നിന്നും തോട്ടം ഉടമസ്‌ഥതയിലേക്ക് മുന്നേറാൻ സായുധ വിപ്ളവ പാതയിൽ അണിനിരക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. മലയാളത്തിലും തമിഴിലുമാണ് പോസ്‌റ്ററുകൾ ഉള്ളത്. പ്രദേശത്ത് മുൻപും മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട് ചെയ്‌തിരുന്നു.
Most Read| ‘വക്കീൽ നോട്ടീസിന് രഹസ്യ മറുപടി, എല്ലാം ഒതുക്കാമെന്ന് മോഹനൻ വിചാരിക്കേണ്ട’; മാത്യു കുഴൽനാടൻ