കൊച്ചി: താൻ കൂടി പങ്കാളിയായ കെഎംഎൻപി എന്ന നിയമ സ്‌ഥാപനം അയച്ച വക്കീൽ നോട്ടീസിന്, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ നൽകിയ മറുപടിയെ പരിഹസിച്ചു മാത്യു കുഴൽനാടൻ എംഎൽഎ. മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി അദ്ദേഹം പിന്തിരിഞ്ഞോടാൻ ശ്രമിക്കുകയാണ്. ഇത് സിപിഎമ്മിന്റെ സ്‌ഥിരം ശൈലിയാണ്. വക്കീൽ നോട്ടീസിന് രഹസ്യമായി മറുപടി അയച്ചു എല്ലാം ഒതുക്കാമെന്ന് മോഹനൻ വിചാരിക്കേണ്ടെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മാത്യു കുഴൽനാടൻ വ്യക്‌തമാക്കി.
‘മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള മാസപ്പടി വിഷയം സഭയിൽ ഉന്നയിച്ചതിനെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ എനിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും അധിക്ഷേപങ്ങളും നിങ്ങളും കേട്ടിരുന്നല്ലോ. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, കെഎംഎൻപി എന്ന സ്‌ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ഇതിനെതിരെ സ്‌ഥാപനം അദ്ദേഹത്തിനയച്ച വക്കീൽ നോട്ടീസിൽ അദ്ദേഹം നൽകിയ മറുപടി വളരെ വിചിത്രമാണ്’- മാത്യു കുഴൽനാടൻ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.
കെഎംഎൻപി ലോ എന്ന സ്‌ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സിഎൻ മോഹനൻ അയച്ച മറുപടിയിൽ പറയുന്നത്. സ്‌ഥാപനത്തെ കുറിച്ച് മറ്റു കാര്യങ്ങളൊന്നും അറിയില്ലായെന്നും മറുപടിയിലുണ്ട്. മാത്രമല്ല, മുഴുവൻ സമയ രാഷ്‌ട്രീയക്കാരെ ആക്ഷേപിച്ചുകൊണ്ടു സംസാരിച്ചതാണ് മാത്യു കുഴൽനാടനെ ചൊടിപ്പിച്ചതെന്നും, അദ്ദേഹം പാർട് ടൈം രാഷ്‌ട്രീയക്കാരനാണെന്നും മറുപടിയിലുണ്ട്- മാത്യു കുഴൽനാടൻ പറഞ്ഞു.
മാത്യു കുഴൽനാടൻ എന്ന രാഷ്‌ട്രീയക്കാരനെതിരെ പറഞ്ഞതല്ലാതെ, വക്കീൽ നോട്ടീസ് അയച്ച നിയമ സ്‌ഥാപനത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും, അതുകൊണ്ട് ആവശ്യങ്ങൾ പിൻവലിച്ചു കേസിന് പോകരുതെന്നും സിഎൻ മോഹനൻ ആവശ്യപ്പെട്ടതായും മാത്യു കുഴൽനാടൻ പറയുന്നു. എന്നാൽ, വക്കീൽ നോട്ടീസിന് രഹസ്യമായി മറുപടി അയച്ചു എല്ലാം ഒതുക്കാമെന്ന് സിഎൻ മോഹനൻ വിചാരിക്കേണ്ടെന്നും, ഞങ്ങൾ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്നും, അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് 2.5 കോടി രൂപ ഏഴ് ദിവസത്തിനുളിൽ നഷ്‌ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ പങ്കാളിയായ കെഎംഎൻപി ലോ എന്ന നിയമ സ്‌ഥാപനം സിഎൻ മോഹനന് വക്കീൽ നോട്ടീസയച്ചത്.
Most Read| രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് പുരസ്‌കാരം കാന്തല്ലൂരിന്