തിരുവനന്തപുരം: ലോക ടൂറിസം ദിനത്തിൽ അഭിമാന നേട്ടവുമായി കേരളം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ബെസ്‌റ്റ് ടൂറിസം വില്ലേജ് പുരസ്‌കാരത്തിന് ഇടുക്കി ജില്ലയിലെ കാന്തല്ലൂർ അർഹമായി (Best Tourism Village Award). രാജ്യത്തെ ബെസ്‌റ്റ് വില്ലേജ് ഗോൾഡ് അവാർഡാണ് കാന്തല്ലൂരിന് ലഭിച്ചിരിക്കുന്നത്. സംസ്‌ഥാന ടൂറിസം വകുപ്പിന്റെ ‘സ്ട്രീറ്റ് പദ്ധതി’ നടപ്പിലാക്കിയ പ്രദേശമാണ് കാന്തല്ലൂർ.
ടൂറിസം വളർച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പിലാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതി ‘സ്ട്രീറ്റ് പദ്ധതി’ നടപ്പിലാക്കിയത്. ഓരോ പ്രദേശത്തിന്റെയും സാധ്യത കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതുമായ തെരുവുകൾ സജ്‌ജീകരിക്കുന്നതാണ് സ്ട്രീറ്റ് പദ്ധതി.
പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ, കണ്ണൂർ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ മറവൻതുരുത്ത്, മാഞ്ചിറ, കാസർഗോഡ് ജില്ലയിലെ വലിയ പറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി ടൂറിസം വകുപ്പ് സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കാനായി തിരഞ്ഞെടുത്തത്.
ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്‌നിക് ക്യൂസീൻ/ ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്‌സ്‌പീരിയൻസ്/ എക്‌സ്‌പീരിയൻസ് ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെ തെരുവുകളുടെ നിർമാണമാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം, കേരളം മാതൃക ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
Most Read| ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ‘2018’