കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് അന്താരാഷ്‌ട്ര ദേശീയ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനായി ‘ദിവാൻ’ എന്ന പേരിൽ ഒരു കേന്ദ്രീകൃത ഓഫീസ് സമുച്ഛയം പ്രഖ്യാപിച്ചു. മർകസിന്റെ പ്രഥമ പ്രസിഡണ്ട് സയ്യിദ് അബ്‌ദുൽ ഖാദിർ അഹ്ദൽ അവേലം തങ്ങളുടെ സ്‌മരണാർഥം നിർമിക്കുന്ന സമുച്ഛയത്തിൽ മർകസിന്റെ നൂറോളം വകുപ്പുകളുടെ കേന്ദ്ര ഓഫീസുകൾ പ്രവർത്തിക്കും.
നാലു നിലകളിലായി പണിയുന്ന കെട്ടിടത്തിൽ അന്താരാഷ്‌ട്ര കോൺഫറൻസ് ഹാൾ, സെൻട്രൽ ഓഫീസ്, വിദ്യാഭ്യാസ- സാംസ്‌കാരിക ഓഫീസുകൾ, ഇന്റർനാഷണൽ സ്‌റ്റുഡിയോ തുടങ്ങിയവ പ്രവർത്തിക്കും. മർകസ് മസ്‌ജിദുൽ ഹാമിലിക്ക് സമീപം നിർമിക്കുന്ന സമുച്ഛയത്തിന്റെ കുറ്റിയടിക്കൽ കർമത്തിന് മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവർ നേതൃത്വം നൽകി.
വിദ്യാഭ്യാസം, ജീവകാരുണ്യം, സാംസ്‌കാരിക വിനിമയങ്ങൾ, ദേശീയ-അന്തരാഷ്‌ട്ര പ്രവർത്തനങ്ങൾ തുടങ്ങിയ മർകസിന്റെ വിവിധ പദ്ധതികളാണ് ദിവാനിൽ പ്രവർത്തിക്കുക. അറബ്-യൂറോപ്യൻ രൂപകൽപനയുടെ സമന്വയമായിരിക്കും ഈ സമുച്ഛയം.
ചടങ്ങിൽ മർകസ് വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർഥനയും മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണവും നടത്തി.
സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് അബ്‌ദുൽ ഫത്താഹ് അവേലം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, എപി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെകെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ മുഹമ്മദ് അബ്‌ദുൽ ഹകീം അസ്ഹരി, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, ഡോ. അബ്‌ദുസ്സലാം മുഹമ്മദ്, സിപി ഉബൈദുല്ല സഖാഫി എന്നിവർ പ്രസംഗിച്ചു.
Most Read: ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍