ന്യൂഡെൽഹി: പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൾ മൊമിനാത്ത് പ്രവർത്തനം വ്യാപിപ്പിക്കുന്നതായി റിപ്പോർട്. 5000ത്തിലേറെ അംഗങ്ങളെ സംഘടനയിൽ ചേർത്ത് പരിശീലനം നൽകിയതായി ജെയ്ഷെ തലവൻ മസൂദ് അസർ വെളിപ്പെടുത്തി.
ഇവർക്ക് തീവ്രവാദ പ്രവർത്തനങ്ങളും ചാവേർ ആക്രമണവും വരെ നടത്തുന്നതിനുള്ള പരിശീലനം നൽകുന്നതായാണ് റിപ്പോർട്ടുകൾ. മസൂദ് അസറിന്റെ സഹോദരി സയീദയാണ് ജമാത്തുൾ മൊമിനാത്തിന് നേതൃത്വം നൽകുന്നത്. സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതായി സാമൂഹിക മാദ്ധ്യമ പോസ്റ്റിലൂടെയാണ് മസൂദ് അസർ വെളിപ്പെടുത്തിയത്.
പാക്ക് അധിനിവേശ കശ്മീരിൽ ഈയടുത്ത ആഴ്ചകളിൽ 5000ത്തിലേറെ സ്ത്രീകൾ സംഘടനയുടെ ഭാഗമായി. ജില്ലാതലത്തിലാണ് സ്ത്രീകളെ കൂട്ടിച്ചേർക്കുന്നത്. ഓരോ ജില്ലയിലും പ്രത്യേക ഓഫീസും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുംതാസിമ എന്ന പേരിൽ കോഓഡിനേറ്ററും ഉണ്ട്. സംഘടനയ്ക്ക് അതിവേഗത്തിലുള്ള വളർച്ച ഉണ്ടാകുന്നതായാണ് മസൂദ് ചൂണ്ടിക്കാട്ടുന്നത്.
വനിതാ വിഭാഗത്തിലെ അംഗങ്ങൾക്കും ജെയ്ഷെയിലെ പുരുഷ അംഗങ്ങൾക്ക് നൽകുന്നത് പോലുള്ള പരിശീലനം നൽകുമെന്ന് നേരത്തെ അസർ പറഞ്ഞിരുന്നു. പുരുഷൻമാർക്ക് 15 ദിവസത്തെ ‘ദൗറ- ഇ- തർബിയത്ത്’ പരിശീലനമാണ് നൽകുന്നത്. സമാനമായി സ്ത്രീകൾക്ക് ‘ദൗറ-ഇ-തസ്കിയ’ പരിശീലനമാണ് നൽകുക. കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് മസൂദ് അസർ ജെയ്ഷെയുടെ വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്.
ഐഎസ്, ഹമാസ്, എൽടിടിഇ എന്നിവയുടെ മാതൃകയിൽ സ്ത്രീകളെ ഉപയോഗിച്ച് തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്താനും ചാവേർ ആക്രമണങ്ങൾക്ക് അവരെ സജ്ജമാക്കാനുമാണ് ജെയ്ഷെ ശ്രമം. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദ് ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിന് ഇന്ത്യയിൽ രൂപം നൽകാൻ ചുമതലപ്പെട്ടയാളാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Most Read| ആഗ്രഹവും കഠിന പ്രയത്നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി








































