ന്യൂഡെൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് പാകിസ്‌താനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്. ബുധനാഴ്‌ച പാകിസ്‌താനിലെ സിയാൽകോട്ടിലെ ഒരു പള്ളിയിൽ വെച്ച് അജ്‌ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. കൃത്യം നടത്തിയതിന് പിന്നാലെ അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
41-കാരനായ ഷാഹിദ് ലത്തീഫ് നിരോധിത സംഘടനായ ജെയ്‌ഷെ മുഹമ്മദ്(ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താൻകോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്. 2010 മുതൽ ഇന്ത്യയുടെ മോസ്‌റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിൽ ഉണ്ടായിരുന്ന ഒരാളുമായിരുന്നു ഷാഹിദ് ലത്തീഫ്.
1994 നവംബറിൽ ഇന്ത്യയിൽ വെച്ച് യുഎപിഎ പ്രകാരം ലത്തീഫ് അറസ്‌റ്റിലായിരുന്നു. തുടർന്ന് ജയിലിലായി. ശേഷം 2010ൽ വാഗ വഴി പാകിസ്‌താനിലക്ക് നാടുകടത്തപ്പെട്ടു. 1999ൽ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം ഹൈജാക്ക് ചെയ്‌ത കേസിലും ഇയാൾ പ്രതിയാണ്.
2016 ജനുവരി രണ്ടിന് പത്താൻകോട്ട് വ്യോമത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടിരുന്നു. ഷാഹിദ് ലത്തീഫിന്റെ ആസൂത്രണത്തിൽ നാല് ഭീകരരാണ് പത്താൻകോട്ടിൽ ആക്രമണം നടത്തിയതെന്നായിരുന്നു കണ്ടെത്തൽ. ഭീകരരെ നേരിടുന്നതിടെ ലഫ്. കേണൽ ഇകെ നിരഞ്‌ജൻ ഉൾപ്പടെ ഏഴ് സുരക്ഷാ ഉദ്യോഗസ്‌ഥരാണ് വീരമൃത്യു വരിച്ചത്.
Most Read| ഇസ്രയേൽ- ഹമാസ് യുദ്ധം അതിരൂക്ഷം; യുഎസ് യുദ്ധക്കപ്പൽ ഇസ്രയേൽ തീരത്ത്