ഇസ്രയേൽ- ഹമാസ് യുദ്ധം അതിരൂക്ഷം; യുഎസ് യുദ്ധക്കപ്പൽ ഇസ്രയേൽ തീരത്ത്

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇരു ഭാഗത്തുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇസ്രയേൽ സമ്പൂർണ നിരോധനം പ്രഖ്യാപിച്ചതോടെ കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ.

By Trainee Reporter, Malabar News
Israel-Hamas attack
Rep. Image
Ajwa Travels

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം അഞ്ചാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. യുദ്ധത്തിൽ ഓരോ ദിവസവും മരണസംഖ്യ ഉയരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇരു ഭാഗത്തുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇസ്രയേൽ സമ്പൂർണ നിരോധനം പ്രഖ്യാപിച്ചതോടെ കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ. ഇതിനിടെ, ഇസ്രയേലിന് കൂടുതൽ പിന്തുണ പ്രഖ്യാപിച്ചു യുഎസ് രംഗത്തെത്തി.

അമേരിക്കൻ സായുധങ്ങളുമായി ആദ്യവിമാനം തെക്കൻ ഇസ്രയേലിൽ എത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് അറിയിച്ചു. എന്നാൽ, എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായാണ് വിമാനം എത്തിയതെന്ന് ഐഡിഎഫ് വെളിപ്പെടുത്തിയിട്ടില്ല. വൈകിട്ടോടെ നെവാറ്റിൽ വ്യോമത്താവളത്തിലാണ് ആണവശേഷിയുള്ള യുഎസ് വിമാനവാഹിനി എത്തിയതെന്ന് ഐഡിഎഫ് എക്‌സ് പ്ളാറ്റുഫോമിൽ കുറിച്ചു. സ്‌ഥിതിഗതികൾ വിലയിരുത്താൻ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും.

ഗാസയിൽ അഞ്ചാം ദിനവും കനത്ത ബോംബാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകർന്നതായി ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി. ഇന്നലെ ഹമാസ് നഗരത്തിലുള്ള ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഗാസ ധനമന്ത്രി കൊല്ലപ്പെട്ടിരുന്നു. ഗാസ ധനകാര്യ മന്ത്രി ജാവേദ് അബു ഷംലയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഗാസയിലെ ധനകാര്യ മന്ത്രാലയവും ബാങ്കും ഇസ്രയേൽ തകർത്തിരുന്നു.

അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇന്ത്യൻ എംബസി വ്യക്‌തമാക്കി. കടന്നുകയറിയ ഹമാസ് സംഘത്തിലെ 1500 പേരെ ഇതുവരെ വധിച്ചെന്നാണ് ഇസ്രയേൽ വ്യക്‌തമാക്കുന്നത്‌. ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേൽ ഹമാസിന്റെ ഭരണ ആസ്‌ഥാനമടക്കം ബോംബിട്ട് തകർത്തിരുന്നു.

ബന്ദികളാക്കിയവരുടെ കാര്യത്തിൽ വ്യോമാക്രമണം നിർത്തിയാൽ അവരെ മോചിപ്പിക്കുന്നത് ചർച്ച ചെയ്യാമെന്നായിരുന്നു ഹമാസിന്റെ നിലപാട്. എന്നാൽ ഇത് ഇസ്രയേൽ തള്ളുകയും ചെയ്‌തു. ഇക്കാര്യത്തിലുള്ള അനിശ്‌ചിതത്വവും തുടരുകയാണ്. അതിനിടെ, ഗാസയിലെ സാധാരണക്കാർക്ക് നേരെ ഇസ്രയേൽ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി തട്ടിക്കൊണ്ടുവന്ന ഇസ്രയേലികളെ വധിക്കുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.

എന്നാൽ, ഗാസാ മുനമ്പിൽ സമ്പൂർണ ഉപരോധം തീർത്തതായും ഗാസയിലെ ധനകാര്യ മന്ത്രിയെയടക്കം രണ്ടു ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായും ഇസ്രയേൽ അവകാശപ്പെടുന്നു. ഗാസയിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും ഉൾപ്പടെ എത്തിക്കുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. ഗാസയിലേക്ക് ഭക്ഷണം എത്തിക്കരുതെന്ന് ഈജിപ്‌ത്തിന് ഇസ്രയേൽ മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. ഗാസയിൽ നിന്ന് ഈജിപ്‌ത്തിലേക്ക് കടക്കാനുള്ള ഏക വഴിയും ഇസ്രയേൽ സേനയുടെ അധീനതയിലാണ്. ഗാസയിലെ പ്രധാന മേഖലകളെല്ലാം ഇസ്രയേൽ ഇതിനോടകം പിടിച്ചെടുത്തു.

അതേസമയം, പുതിയ ചേരികൾ ഉണ്ടാകുമെന്ന സൂചന നൽകി ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അമേരിക്കക്കെതിരെ ആയിരുന്നു പുടിന്റെ വിമർശനം. പശ്‌ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയപരാജയമാണെന്നാണ് പുടിൻ പ്രതികരിച്ചത്. ഇരു വിഭാഗങ്ങളെയും പരിഗണിക്കുന്നതിൽ വീഴ്‌ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രയേലിനൊപ്പമാണ് നിൽക്കുന്നതെന്ന് ആവർത്തിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. എല്ലാതരം തീവ്രവാദത്തെയും ഇന്ത്യ ശക്‌തമായി അപലപിക്കുകയാണെന്നും, തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചുവെന്നും, നിലവിലെ സ്‌ഥിതിഗതികൾ വിലയിരുത്തിയെന്നും മോദി വ്യക്‌തമാക്കിയിരുന്നു.

അതേസമയം, ഇസ്രയേലിൽ നിന്നും പൗരൻമാരെ രക്ഷപ്പെടുത്താൻ കാനഡ അടക്കമുള്ള കൂടുതൽ രാജ്യങ്ങൾ നീക്കം തുടങ്ങി. ഇതിനിടെ, പലസ്‌തീൻ ജനതക്ക് യുഎഇ സഹായം പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്‌ട്രസഭാ ഏജൻസിയായ യുഎൻആർഡബ്‌ളൂഎ വഴി രണ്ടുകോടി ഡോളർ സഹായം എത്തിക്കാനാണ് പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

Most Read| 23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE